കേരളത്തിലെ പഴം, പച്ചക്കറികള്‍ക്ക് യു എ ഇയിലും ബഹ്‌റൈനിലും താത്കാലിക വിലക്ക്

Posted on: May 28, 2018 6:04 am | Last updated: May 28, 2018 at 12:07 am

തിരുവനന്തപുരം: കോഴിക്കോട് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളായ യു എ ഇയും ബഹ്‌റൈനും താത്കാലിക വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വിലക്കിയത്. ഇരുരാജ്യങ്ങളും കേന്ദ്ര സര്‍ക്കാറിനെ ഇക്കാര്യം അറിയിച്ചു. വവ്വാല്‍ കടിച്ച പഴവര്‍ഗങ്ങള്‍ കഴിച്ചത് മൂലമാണ് നിപ്പാ പകര്‍ന്നതെന്ന സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെയുള്ള പ്രചാരണങ്ങളാണ് കയറ്റുമതിയുടെ താത്കാലിക വിലക്കിലേക്ക് നയിച്ചത്.

സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിയയക്കുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ട്. ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്വര്‍, യു എ ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കിയതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നുവെങ്കിലും അടുത്തിടെ മേഖലയില്‍ നേരിയ നേട്ടം പ്രകടമായിരുന്നു.