കൂടുതല്‍ ബേങ്ക് തട്ടിപ്പ് മോദി ഭരണകാലത്ത്

നാല് വര്‍ഷം 77,521 കോടിയുടെ തട്ടിപ്പ്
Posted on: May 28, 2018 6:03 am | Last updated: May 27, 2018 at 11:40 pm

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്തേക്കാള്‍ കൂടുതല്‍ ബേങ്ക് തട്ടിപ്പുകള്‍ നടന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ). മന്‍മോഹന്‍ സിംഗിനു കീഴിലുള്ള യു പി എ സര്‍ക്കാറിന്റെ കാലത്ത് ബേങ്ക് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 22,000 കോടി രൂപയാണെങ്കില്‍ മോദി സര്‍ക്കാറിന്റെ കാലത്ത് നഷ്ടമായത് 77,000 കോടി രൂപയില്‍ അധികമാണ്. ഏകദേശം 55,000 കോടി രൂപയുടെ വിത്യാസമാണെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു.

88 ശതമാനവും പൊതുമേഖലാ ബേങ്കുകളില്‍ നിന്നുള്ള വായ്പാ തട്ടിപ്പുകളാണ്. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് മാത്രം നഷ്ടപ്പെട്ടത് 68,350 കോടി രൂപയാണ്. സ്വകാര്യ ബേങ്കുകളില്‍ നിന്ന് നഷ്ടമായത് 7,774 കോടി രൂപയും. സാമ്പത്തിക വിദഗ്ധനും ആക്ടിവിസ്റ്റുമായ പ്രസന്‍ജിത്ത് ബോസ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്.

ബേങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 9,193 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2014 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 77,521 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്. രണ്ടാം യു പി എയുടെ കാലത്ത് 22,441 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. പൊതുമേഖലാ ബേങ്കുകളില്‍ നിന്നുള്‍പ്പെടെ ഇത്തരത്തില്‍ പണം കൊള്ളയടിക്കപ്പെടുമ്പോള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനാണ് അതിന്റെ ഉത്തരവാദിത്വമെന്ന് വിവരാവകാശ രേഖ ആവശ്യപ്പെട്ട പ്രസന്‍ജിത്ത് ബോസ് വ്യക്തമാക്കി.

ബേങ്കുകളെ കബളിപ്പിച്ച് രാജ്യത്തെ പ്രമുഖ വ്യവസായികള്‍ നാടുവിട്ട സംഭവങ്ങള്‍ അടുത്തിടെ വളരെ വ്യാപകമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബേങ്കായ പഞ്ചാബ് നാഷനല്‍ ബേങ്കിനെ കബളിപ്പിച്ച് വജ്ര വ്യാപാരി നീരവ് മോദിയും അമ്മാവന്‍ മെകുല്‍ ചോക്‌സിയും അടുത്തിടെ നാടുവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ രാജ്യത്തെ മറ്റു ബേങ്കുകളും സമാനമായി കബളിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കി രംഗത്തെത്തി.

മദ്യ വ്യവസായിയായ വിജയ് മല്യയും ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.