Connect with us

National

കര്‍ണാടക മന്ത്രിസഭാ രൂപവത്കരണം അനിശ്ചിതത്വത്തില്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപവത്കരണം അനിശ്ചിതത്വത്തില്‍. മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി കുമാരസ്വാമി ഇന്ന് ഡല്‍ഹിയിലേക്ക് പോകും.

മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളിലായി നടക്കുന്നുണ്ടെങ്കിലും ഇതുവരെയും അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല. ഇന്നലെയും നിര്‍ണായക ചര്‍ച്ചകള്‍ നടന്നു. അധികം വൈകാതെ മന്ത്രിസഭാ രൂപവത്കരണം സാധ്യമാകുമെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

കര്‍ണാടകയിലെ നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടത്തി വരുന്ന ചര്‍ച്ച തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര, കെ സി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡി കെ ശിവകുമാര്‍ എന്നിവരുമായാണ് രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. കോണ്‍ഗ്രസിന് കിട്ടേണ്ട മന്ത്രിപദവികളും ജെ ഡി എസിന് വിട്ടുകൊടുക്കേണ്ട വകുപ്പുകളും സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. വകുപ്പ് വിഭജനത്തില്‍ ധാരണയായതിന് ശേഷം മാത്രമേ ആരൊക്കെ മന്ത്രിമാരാകണമെന്നത് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുകയുള്ളൂ.

മുഖ്യമന്ത്രി പദം ജെ ഡി എസിന് വിട്ടുകൊടുത്ത പശ്ചാത്തലത്തില്‍ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. ഉപമുഖ്യമന്ത്രി അടക്കം 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാര്‍ ജെ ഡി എസിനും എന്നാണ് നേരത്തേയുണ്ടാക്കിയ ധാരണ.

മന്ത്രിസഭയുടെ പരമാവധി അംഗ ബലം 34 ആണ്. മന്ത്രിസഭയിലെ സാമുദായിക സന്തുലനം അടക്കമുള്ള കാര്യങ്ങളില്‍ ഭിന്നത നിലനില്‍ക്കുകയാണ്. പ്രബല സമുദായമായ ലിംഗായത്തുകളെ മന്ത്രിസഭയില്‍ അവഗണിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 221 എം എല്‍ എമാരില്‍ 58 പേര്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബി ജെ പിയില്‍ 38 പേരും കോണ്‍ഗ്രസില്‍ 16 പേരുമുണ്ട്.

ലിംഗായത്തുകളുടെ ഏറ്റവും പ്രബലനായ നേതാവ് ബി എസ് യെദ്യൂരപ്പ കോണ്‍ഗ്രസ് എം എല്‍ എമാരെ ബി ജെ പി പാളയത്തിലേക്ക് കൊണ്ടുവരാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്.

ലിംഗായത്തുകാരനായ എം ബി പാട്ടീലിനെയാണ് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. വൊക്കലിഗ സമുദായക്കാരന്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട ലിംഗായത്ത് വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. ഇത് മുതലെടുക്കാനാണ് ബി ജെ പി നീക്കം. തന്റെ അനുയായി ആയ എം ബി പാട്ടീലിനെ അവഗണിച്ച് പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കിയതില്‍ സിദ്ധരാമയ്യക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ വകുപ്പ് വിഭജന തര്‍ക്കം പരിഹരിക്കുക ഒട്ടും എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.

ജാതി സമവാക്യങ്ങള്‍ക്കനുസരിച്ച് മന്ത്രിമാരെ നിശ്ചയിക്കുക എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മന്ത്രിപദവി നല്‍കേണ്ടതുണ്ട്. മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായി ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആത്മാഭിമാനം പണയം വെച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ ഡല്‍ഹി യാത്ര.

കോണ്‍ഗ്രസ്- ജെ ഡി എസ് കക്ഷികളില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നത ബി ജെ പി മുതലെടുക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. സഖ്യ സര്‍ക്കാര്‍ അധിക കാലം മുന്നോട്ട് പോകില്ലെന്നും സ്വയം തകര്‍ന്ന് തരിപ്പണമാവുമെന്നും ബി ജെ പി നേതൃത്വം പറയുന്നു.
നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സഭയിലെ അംഗ ബലം വര്‍ധിപ്പിക്കാനാണ് ബി ജെ പി നീക്കം. 104 അംഗങ്ങളാണ് സഭയില്‍ ഇപ്പോള്‍ ബി ജെ പിക്കുള്ളത്. മന്ത്രിസഭാ രൂപവത്കരണം ഇനിയും വൈകിയാല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Latest