അയ്യപ്പ ഭക്തനായ വിജയകുമാറിനെ സിപിഎം ആര്‍എസ്എസുകാരനാക്കിയെന്ന് എകെ ആന്റണി

Posted on: May 27, 2018 1:46 pm | Last updated: May 27, 2018 at 8:50 pm

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ജയത്തിനായി സിപിഎം വര്‍ഗീയ കാര്‍ഡിറക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം എകെ ആന്റണി. അയ്യപ്പ ഭക്തനായ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ചത് വളരെ ദയനീയവും പരാജയ ഭീതികൊണ്ടുമാണെന്നും ആന്റണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര സംസ്ഥന നേതാക്കളേയും മന്ത്രിമാരേയും ഇറക്കി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ ബിജെപി തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടും. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതിന് പുറമെ വോട്ട് ശതമാനത്തിലും കുറവുണ്ടാകുമെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല. സിപിഎമ്മും ഇതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധിയെന്നെ പറയാനുള്ളു.സാഹചര്യങ്ങളാണ് കേരളത്തില്‍ യുഡിഎഫിന് രൂപം നല്‍കിയത്. നിലവിലെ സാഹചര്യത്തില്‍ മതേതര കക്ഷികളുടെ ഐക്യമാണ് വേണ്ടതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.