സ്വതന്ത്രമാകണം തിര.കമ്മീഷന്‍

Posted on: May 26, 2018 6:05 am | Last updated: May 26, 2018 at 12:55 am

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയില്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ സന്ദേഹം പ്രകടിപ്പിച്ചത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അചല്‍കുമാര്‍ ജ്യോതി മുഖ്യതിരഞ്ഞടുപ്പ് കമ്മീഷണറായി നിയമിതനായ ശേഷം കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുന്ന നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നതായും അദ്ദേഹം വിരമിച്ച ശേഷവും കമ്മീഷനുമായി ബന്ധപ്പെട്ടു ഉയരുന്ന വിവാദങ്ങള്‍ക്ക് അറുതിയില്ലെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍മാരായ എം എസ് ഗില്‍, ടി എസ് കൃഷ്ണമൂര്‍ത്തി, എസ് വൈ ഖുറൈശി, ബി ബി ടണ്ഡണ്‍, വി എസ് സമ്പത്ത്, എച്ച് എസ് ബ്രഹ്മ, നസീം സെയ്ദി, മുന്‍ തിരഞ്ഞെടുപ്പ് കമീഷണര്‍ ജി വി ജി കൃഷ്ണമൂര്‍ത്തി എന്നിവര്‍ പങ്കെടുത്ത യോഗം ചൂണ്ടിക്കാട്ടി. സ്വതന്ത്രമായല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന സന്ദേഹം ഉയര്‍ന്നു വരാന്‍ ഇതിടയാക്കിയിട്ടുള്ളതിനാല്‍ കമ്മീഷന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആറ് മാസത്തിനകം സര്‍ക്കാറുകള്‍ കാലാവധി പൂര്‍ത്തീകരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഒരുമിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കം ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ ലംഘിച്ചത്, ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചാനല്‍ അഭിമുഖത്തിനെതിരെ നടപടി സ്വീകരിച്ച കമ്മീഷന്‍, തിരഞ്ഞെടുപ്പ് ദിനത്തിലെ മോദിയുടെ റോഡ് ഷോ കാണാത്ത ഭാവം നടിച്ചത,് ഡല്‍ഹിയില്‍ 20 ആംആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയതിന് പറയുന്ന മാനദണ്ഡം മറ്റു സംസ്ഥാനങ്ങളിലെ ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ പ്രയാഗിക്കാത്തത് തുടങ്ങി അചല്‍കുമാര്‍ ജ്യോതി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്തെ പല നടപടികളും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശ് റാവത്ത് പുതിയ തിരഞ്ഞെടുപ്പ് കമ്മീണറായ ശേഷം നടന്ന കര്‍ണാകട തിരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബി ജെ പി. ഐ ടി സെല്‍ മേധാവി അമിത് മാളവ്യ പുറത്ത് വിട്ടതും വന്‍വിവാദമായി. ആം ആദ്മി എം എല്‍ എമാരെ അയോഗ്യരാക്കിയ കമ്മീഷന്റെ നടപടി കോടതി പിന്നീട് റദ്ദാക്കുകയും ചെയ്തു. ഇങ്ങനെ, മോദി ഭരണത്തില്‍ പല പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നിഷ്പക്ഷമായല്ല കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ഉളവാക്കിയിട്ടുണ്ട്.

ഇലക്ഷന്‍ കമ്മീഷനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തു വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയാണ് ബി ജെ പി തുടര്‍ച്ചയായി വിജയം നേടുന്നതെന്നും ബൂത്തിലെത്തുന്ന ജനം ഏതു ബട്ടണില്‍ വിരലമര്‍ത്തിയാലും വോട്ട് ബി ജെ പിക്ക് ലഭിക്കുന്നതായും പരാതിയുണ്ട്. യു പിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി നേരിട്ടത് ഈ ആരോപണത്തെ ബലപ്പെടുത്തുകയും ചെയ്തു. വോട്ടിംഗ് മെഷീന്‍ വെച്ച് ജനാധിപത്യ പ്രക്രിയയെ മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ട്. ആം ആദ്മി പാര്‍ട്ടി വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെ തെളിവ് സഹിതം ചോദ്യം ചെയ്യുകയുമുണ്ടായി. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അചല്‍ കുമാര്‍, നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറിയായിരുന്നുവെന്നത് ഇത്തരം സന്ദേഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. അന്നത്തെ അവര്‍ക്കിടയിലെ അടുപ്പം തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന നിലയിലുള്ള അചല്‍ കുമാറിന്റെ പ്രവര്‍ത്തനത്തില്‍ പതിഫലിക്കുമോ എന്ന ആശങ്ക ചിലര്‍ ഉയര്‍ത്തുകയുമുണ്ടായി. മുന്‍ കമ്മീഷണര്‍മാരൊന്നും ഇതുപോലെ തുടര്‍ച്ചയായ വിവാദങ്ങള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ വിധേയരായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബാലറ്റിന് ബുള്ളറ്റിനേക്കാള്‍ ശക്തിയുണ്ടെന്നാണ് പറയാറ്. പാര്‍ലിമെന്ററി ജനാധിപത്യ ക്രമത്തില്‍ തെരഞ്ഞെടുപ്പിനുള്ള പ്രാധാന്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭാവി ജനപ്രതിനിധികളുടെ കരങ്ങളിലാണ്. അതിനാല്‍ തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണം തിരഞ്ഞെടുപ്പും അതിന് മേല്‍നോട്ടം വഹിക്കുന്ന കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും. ജനാധിപത്യത്തിന്റെ കാവലാളെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശേഷിപ്പിക്കപ്പെടുന്നത്. സംശയത്തിനതീതമായിരിക്കണം അദ്ദേഹം. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. വിവിധ കക്ഷികളോടുള്ള കമ്മീഷന്റെ സമീപനം ഒരേ തരത്തിലായിരിക്കണം. അങ്ങനെയാണെന്ന് ആണയിട്ടതു കൊണ്ടായില്ല, ജനത്തിന് അത് ബോധ്യപ്പെടുകയും വേണം. ഒരു സാഹചര്യത്തിലും ഭരണകക്ഷിയുടെ സമ്മര്‍ദത്തിന് കമ്മീഷണര്‍മാര്‍ വഴിപ്പെടുകയോ, ചട്ടുകമായി പ്രവര്‍ത്തിക്കുകയോ അരുത്. ഭരണകക്ഷയോട് ഒരു സമീപനവും പ്രതിപക്ഷത്തോട് മറ്റൊന്നുമാണെങ്കില്‍ തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ അത് ബാധിക്കും. കമ്മീഷന്റെ നിഷ്പക്ഷതയില്‍ സന്ദേഹം പ്രകടിപ്പിക്കുമ്പോല്‍ അതൊന്നും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങളുടെയും സര്‍ക്കാറിന്റെയും വിശദീകരണം. അതുകൊണ്ടു മാത്രമായില്ല, കാരണം ജനങ്ങളുടെ വിശ്വാസത്തിലാണ് കമ്മീഷന്റെ നിലനില്‍പ്പ്. പൊതുസമൂഹത്തിന്റെ ഇതുസംബന്ധിച്ച സന്ദേഹങ്ങള്‍ ദൂരീകരിക്കണമെങ്കില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വരാനിടയായതിന്റെ അടിസ്ഥാന കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ടെന്നാണ് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗം ചൂണ്ടിക്കാട്ടിയത്. ഇല്ലെങ്കില്‍ ജനാധിപത്യത്തിന് തന്നെ അത് പ്രഹരമായിത്തീരും.