Connect with us

National

കാര്‍ഷിക കടം: കര്‍ണാടകയില്‍ 28ന് ബി ജെ പി ബന്ദ്

Published

|

Last Updated

വിധാന്‍ സഭയില്‍ നിന്ന് ബി ജെ പി അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയ്യാറെടുക്കുന്നു. ഈ മാസം 28ന് സംസ്ഥാന ബന്ദ് നടത്താനാണ് ബി ജെ പിയുടെ തീരുമാനം. നിയമസഭയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഭൂരിപക്ഷം തെളിയിച്ചതോടെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബി ജെ പി സമര പരിപാടികള്‍ ആരംഭിക്കുന്നത്.

ദേശസാത്കൃത ബേങ്കുകളിലേത് ഉള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ബന്ദ് നടത്തുമെന്നും യെദ്യൂരപ്പ ഇന്നലെ വിശ്വാസ വോട്ടെടുപ്പിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകരുടെ സഹകരണ ബേങ്കുകളിലെ അമ്പതിനായിരം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. എന്നാല്‍, ദേശസാത്കൃത ബേങ്കുകളിലെ കടങ്ങള്‍ എഴുതിത്തള്ളിയിരുന്നില്ല. കുമാര സ്വാമിയുടെ ജനവിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വരുംനാളുകളില്‍ പോരാട്ടം ശക്തമാക്കുമെന്ന് യെദ്യൂരപ്പ മുന്നറിയിപ്പ് നല്‍കി.