Connect with us

National

അക്രമികളില്‍ നിന്ന് മുസ്‌ലിം യുവാവിനെ മാറോട് ചേര്‍ത്ത് സിഖ് പോലീസ് ഉദ്യോഗസ്ഥന്‍: കൈയടിച്ച് സോഷ്യല്‍ മീഡിയ

Published

|

Last Updated

യുവാവിനെ രക്ഷപ്പെടുത്തുന്ന ഗഗന്‍ദീപ് സിംഗ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ക്ഷേത്ര പരിസരത്ത് മുസ്‌ലിം യുവാവിനെ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുന്ന സിഖ് വംശജനായ പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യം വൈറലായി. ഈ മാസം 22ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
ക്ഷേത്ര പരിസരത്ത് ഇതര മതത്തില്‍ പെട്ട യുവതിയുമായി വന്നുവെന്ന് ആരോപിച്ചാണ് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയത്. ഈ സമയം ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിംഗ് ഓടിയെത്തുകയും യുവാവിനെ ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുകയുമായിരുന്നു. യുവാവിനെ മാറോട് ചേര്‍ത്ത് പിടിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. അതിനിടെ, ചിലര്‍ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

ഗഗനെ അഭിവാദ്യം ചെയ്ത് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലെത്തിയത്. “ധീരത തെളിയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല ഗഗന്‍ദീപ് സിംഗിന്റെ ഇടപെടല്‍. മറിച്ച് ഒരു നിരപരാധിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടിയായിരുന്നു. അങ്ങ് നീണാള്‍ വാഴട്ടേ”യെന്നാണ് മാര്‍ക്കണ്‌ഠേയ കട്ജു ട്വിറ്ററില്‍ പ്രതികരിച്ചത്. തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ എങ്ങനെയാണ് നിയമം നടപ്പാക്കേണ്ടതെന്ന് ഗഗന്‍ തെളിയിച്ചുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന പോസ്റ്റുകളില്‍ പറയുന്നത്.