Connect with us

National

പെണ്‍കുട്ടിയുമായി ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമം: മേജറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍

Published

|

Last Updated

മേജര്‍ ലീതുല്‍ ഗൊഗോയി

ശ്രീനഗര്‍: ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയുമൊത്ത് ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ മാതാവ്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള മേജര്‍ നേരത്തേയും തന്റെ വീട്ടില്‍ വന്നിരുന്നുവെന്ന് മാതാവ് ആരിഫ പറഞ്ഞു.

മേജറും സുഹൃത്തും മുമ്പ് രണ്ട് തവണ വീട്ടില്‍ വന്നിട്ടുണ്ട്. വീട്ടില്‍ പട്ടാളക്കാരെ കണ്ട് താന്‍ ബോധം കെട്ട് വീണു. വീട്ടില്‍ തങ്ങള്‍ വന്നതിനെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഗോഗോയ് ഭീഷണിപ്പെടുത്തിയിരുന്നതായും ആരിഫ പറഞ്ഞു. സിവില്‍ വേഷത്തിലാണ് പ്രദേശവാസിയായ സഹായിയുമൊത്ത് മേജര്‍ വന്നത്. സുഖവിവരം അന്വേഷിക്കാനാണ് വന്നതെന്നും പുറത്ത് പറയരുതെന്നും നിഷ്‌കര്‍ഷിച്ചതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2014ലെ വെള്ളപ്പൊക്കത്തില്‍ വീട് പൂര്‍ണമായി തകര്‍ന്ന ആരിഫയും കുടുംബവും ടിന്‍ കൊണ്ട് മറച്ച കൂരയിലാണ് കഴിയുന്നത്. ഭര്‍ത്താവും നാല് കുട്ടികള്‍ക്കുമൊപ്പം ബുദ്ഗാമിലെ കൂരയില്‍ ജീവിതം തള്ളി നീക്കുന്നു. മൂത്ത കുട്ടിയുമൊത്താണ് മേജര്‍ ലീതുല്‍ ഗൊഗോയി ഹോട്ടലില്‍ എത്തിയത്.

ബുധനാഴ്ചയാണ് മേജര്‍ ഗൊഗോയും സുഹൃത്തും പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ മുറി എടുക്കാന്‍ ചെന്നത്. മുറി തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറിയ ഗൊഗോയിയെയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

തന്റെ മകള്‍ക്ക് 17 വയസ്സായി. എന്നാല്‍ പോലീസ് പറയുന്നത് അവള്‍ക്ക് പ്രായപൂര്‍ത്തിയായെന്നാണ്. പാതിരാത്രിക്ക് ഒരു തവണ മേജറും സഹായിയും വീട്ടില്‍ കയറി വന്നിരുന്നു. അല്‍പ്പം സമയം അതുമിതും പറഞ്ഞ് ഇറങ്ങിപ്പോയി. അപ്പോഴും തന്റെ മകളെ ഇത്തരമൊരു സാഹചര്യത്തില്‍ എത്തിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന് കരുതിയില്ല. പ്രാദേശവാസിയായ സഹായിയാണ് എല്ലാത്തിന്റെയും പിന്നില്‍ – ആരിഫ പറയുന്നു. പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

പ്രക്ഷോഭകരെ നേരിടാന്‍ യുവാവിനെ പോലീസ് ജീപ്പിന്റെ ബോണറ്റില്‍ കെട്ടി ഓടിച്ച് പോയയാളാണ് മേജര്‍ ലീതുല്‍ ഗൊഗോയി. അന്ന് സൈനിക നേതൃത്വം അതിനെ ന്യായീകരിക്കുകയായിരുന്നു. മനുഷ്യ കവചമായി യുവാവിനെ ഉപയോഗിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

കുറ്റക്കാരനെങ്കില്‍ നടപടി: കരസേന മേധാവി

ശ്രീനഗര്‍: അനാശാസ്യത്തിന് പിടിയിലായ മേജര്‍ ലീതുല്‍ ഗൊഗോയി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന ശിക്ഷ നല്‍കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരി പെണ്‍കുട്ടിയുമൊത്ത് ഹോട്ടലില്‍ വെച്ച് പിടിയിലായ മേജറിനെതിരെ പോലീസ് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ ഉറപ്പ്. അതിനിടെ, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. എന്നാല്‍, പെണ്‍കുട്ടി മൈനറാണെന്ന് ബന്ധുക്കള്‍ പറയുന്നു.

സേനയില്‍ ആര് തെറ്റ് ചെയ്താലും സംരക്ഷിക്കുന്ന പ്രശ്‌നമേയില്ല. അതില്‍ റാങ്ക് നോക്കില്ല. കുറ്റം തെളിഞ്ഞാല്‍ എല്ലാവര്‍ക്കും പാഠമാകുന്ന ശിക്ഷ നല്‍കുക തന്നെ ചെയ്യും. ഗൊഗോയിയുടെ കാര്യത്തിലും അത് തന്നെയാകും നടക്കുകയെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും സൈന്യം നടത്തുന്ന സദ്ഭാവനാ സ്‌കൂളുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനും ശ്രീനഗറില്‍ എത്തിയതായിരുന്നു കരസേനാ മേധാവി.

പോലീസ് കസ്റ്റഡിയിലുള്ള മേജറെ ഇപ്പോള്‍ സൈനിക യൂനിറ്റിന് കൈമാറിയെന്നാണ് വിവരം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ദാല്‍ ലേക്കിനടുത്തുള്ള ഹോട്ടലില്‍ ഗൊഗോയിക്കായി ബുധനാഴ്ച രാവിലെ മുറിയടുത്തതില്‍ നിന്നാണ് സംഭവത്തിന്റെ തുടക്കം. അല്‍പ്പം കഴിഞ്ഞ് പെണ്‍കുട്ടിയുമൊത്ത് മേജറിന്റെ സഹായിയെത്തി. എന്നാല്‍ മുറി കൊടുക്കാന്‍ ഹോട്ടലധികൃതര്‍ തയ്യാറായില്ല. വാക്കേറ്റം മൂര്‍ഛിച്ചതോടെ പോലീസെത്തി മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Latest