എട്ടിക്കുളം തഖ്‌വ ജുമുഅ മസ്ജിദില്‍ വീണ്ടും ലീഗ് ഗുണ്ടകളുടെ പരാക്രമം

Posted on: May 26, 2018 6:03 am | Last updated: May 25, 2018 at 11:44 pm

പയ്യന്നൂര്‍: എട്ടിക്കുളം താജുല്‍ ഉലമ എജ്യൂക്കേഷന്‍ ട്രസ്റ്റ് സെന്ററിന്റെ കീഴിലുള്ള തഖ്‌വ പള്ളിയില്‍ വീണ്ടും ലീഗ് ഗുണ്ടകളുടെ പരാക്രമം. പള്ളിയില്‍ കയറി ജുമുഅ തടസ്സപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീകളടക്കമുള്ളവരെ പോലീസ് വിരട്ടിയോടിച്ചു.

ഇന്നലെ 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ കയറി ഇമാമിനെയും മഹല്ല് ഭാരവാഹികളെയും മര്‍ദിക്കുകയും സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്ത ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഇന്നലെയും ആക്രമണ ശ്രമം. ജുമുഅ നിസ്‌കാരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ 30ഓളം സ്ത്രീകളെയുമായി ഇവര്‍ പള്ളിയില്‍ പ്രവേശിക്കുകയായിരുന്നു. സുന്നി പള്ളിയില്‍ സ്ത്രീ പ്രവേശം അനുവദിക്കില്ലെന്നിരിക്കെയാണ് ഈ പരാക്രമം നടത്തിയത്. പള്ളിയില്‍ നിസ്‌കരിക്കാന്‍ എത്തിയവരെ തടഞ്ഞ ഇവര്‍ ചെരുപ്പുകളും മറ്റും ധരിച്ച് പള്ളിക്കുള്ളില്‍ കയറിയിരുന്നു. ഇതിനെ ചോദ്യം ചെയ്യാനെത്തിയ ടെസ്റ്റ് ഭാരവാഹികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.

ജുമുഅ നിസ്‌കാരം തടയാന്‍ ശ്രമിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്ന് പയ്യന്നൂര്‍ സി ഐ. എം പി ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ലീഗ് ഗുണ്ടകള്‍ സ്ത്രീകളെയുമായി പള്ളിയില്‍ കയറി അക്രമത്തിന് ശ്രമിച്ചതോടെ പോലീസ് ലാത്തിവീശിയും കസ്റ്റഡിയിലെടുത്തും ഇവരെ പന്തിരിപ്പിച്ചു. കൂടുതല്‍ വനിതാ പോലീസ് എത്തിയ ശേഷമാണ് സ്ത്രീകളെ പള്ളിയില്‍ നിന്ന് നീക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ അക്രമത്തില്‍ ഇമാമിനെ ക്രൂരമായി മര്‍ദിച്ചതിന് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഓഫീസ് തകര്‍ത്തതിനും കൊള്ളയടിച്ചതിനും കേസെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പയ്യന്നൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ജുമുഅ നടത്താന്‍ സംരക്ഷണം നല്‍കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയ കോടതി, പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നലെ വീണ്ടും സംഘടിച്ചെത്തി അക്രമത്തിന് ശ്രമിച്ചത്.

ലീഗ്- വിഘടിത സംഘടനകളുടെ എതിര്‍പ്പുകള്‍ക്കിടയിലും സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ പ്രാര്‍ഥനയോടെ പള്ളിയി ല്‍ ജുമുഅ നിസ്‌കാരം നടന്നു. അദ്‌നാന്‍ അഹ്‌സനി ജുമുഅക്ക് നേതൃത്വം നല്‍കി.