Kerala
നിപ്പ പടർന്നത് വവ്വാലിൽ നിന്നല്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 12 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ അല്ലെന്ന് പരിശോധനാ ഫലം. പേരാമ്പ്ര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ രക്തപരിശോധനയിലാണ് വൈറസ് ഇല്ലെന്ന് കണ്ടെത്തിയത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ ആണ് രക്തസാംപിളുകള പരിശോധനക്ക് വിധേയമാക്കിയത്.
വവ്വാല്‍, പന്നി, കന്നുകാലികള്‍, ആട് എന്നിവയുടെ 21 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വിപി സിംഗ് വ്യക്തമാക്കി. ഇവയില്‍ ഒന്നും വെറസ് ബാധ കണ്ടെത്തിയിട്ടില്ല. അതേസമയം, പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ രക്തപരിശോധനയാണ് ഇപ്പോള്‍ നടത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളുടെ രക്തപരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇതിനായി സാംപിളുകള്‍ ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചതായി മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
നിപ്പ ബാധിച്ച് ആദ്യം മരണത്തിന് കീഴടങ്ങിയ പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യത്തിന് ശക്തി പകരുന്നതാണ് വവ്വാലുകളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി വിദേശത്ത് ജോലി ചെയ്തിരുന്ന സാബിത്ത് മരിക്കുന്നതിന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ സാഹചര്യത്തില്‍ സാബിത്തിന് മറ്റേതെങ്കിലും സ്ഥലത്ത് നിന്നാണോ രോഗബാധയുണ്ടായത് എന്ന് അറിയേണ്ടതുണ്ടെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ സാബിത്ത് ഉദരസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇതിന് ശേഷമാണ് വവ്വാലുകള്‍ താമസിച്ചിരുന്ന കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.