Connect with us

National

വിശ്വാസം നേടി കുമാരസ്വാമി ; വോട്ടെടുപ്പ് ബിജെപി ബഹിഷ്‌കരിച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി വിശ്വാസ വോട്ടെടുപ്പ ബഹിഷ്‌കരിച്ചു. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ വിധാന്‍സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ സാങ്കേതികമായി വിശ്വാസ വോട്ടെടുപ്പ് നേടി. നേരത്തെ, സിദ്ധരാമയ്യ സര്‍ക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന കെ ആര്‍ രമേശ്കുമാറിനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു. ബി ജെ പിയിലെ സുരേഷ്‌കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ഏകപക്ഷീയമായായിരുന്നു തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. എന്നാല്‍, വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് ബുധനാഴ്ച കുമാരസ്വാമി മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ഡോ. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജനതാദള്‍ എസിന്റെ 37ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാറിനുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്.

കുമാരസ്വാമി വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും മുമ്പ് കുമാരസ്വാമിയുമായി സഖ്യമുണ്ടാക്കിയതില്‍ ഖേദിക്കുന്നതായും പ്രതിപക്ഷ നേതാവ് യെദ്യുരപ്പ പറഞ്ഞു. ആദ്യം മുഖ്യമന്ത്രി പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കൂയെന്നും യെദ്യൂരപ്പ കുമാരസ്വാമിയോട് പറഞ്ഞു. നൂറില്‍ 99 പേരും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ട്. നിങ്ങളുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുന്നവരുമായാണ് ഇപ്പോള്‍ നിങ്ങള്‍ കൂട്ടുകൂടിയിരിക്കുന്നതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.