Connect with us

Kerala

വെട്ടിനിരത്തല്‍; ജേക്കബ് തോമസ് പുറപ്പെടുവിച്ച 36 സര്‍ക്കുലറില്‍ 33ഉം റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഇറക്കിയ 36 സര്‍ക്കുലറില്‍ 33 എണ്ണവും റദ്ദാക്കി. വിജിലന്‍സ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍സി അസ്താനയാണ് സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്.

കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍ തുടങ്ങിയ സംബന്ധിച്ച സര്‍ക്കുലറുകളാണ് റദ്ദാക്കിയത്. സര്‍ക്കുലര്‍ വിജിലന്‍സ് ചട്ടത്തിന് വിരുദ്ധമെന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കിയത്.

വിജിലന്‍സ് തലവനായിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ ചില സര്‍ക്കുലറുകള്‍ സര്‍ക്കാറിന്റെ തന്നെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു പരാതി ലഭിച്ചാല്‍ ഡയറക്ടറെ അറിയിക്കാതെ തന്നെ അതില്‍ ഡി.വൈ.എസ്.പിക്ക് കേസെടുക്കാമെന്നും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ടെന്ന വിലയിരുത്തലില്‍ തീരുമാനം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയാണ് ജേക്കബ് തോമസിന്റെ സര്‍ക്കുലറുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയത്.