Connect with us

Kerala

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ഇന്നും കൂട്ടി, പെട്രോള്‍ വില 82 രൂപയായി

Published

|

Last Updated

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം തുടര്‍ച്ചയായ 12ാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് വിലവര്‍ധനക്ക് കാരണമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇന്ധനവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

ഒരു വര്‍ഷത്തിനിടെ അധിക നികുതി വരുമാനത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ഖജനാവിലെത്തിയത് 7,291 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ലാഭ വരുമാനത്തെ അപേക്ഷിച്ച് ചെറിയ ഒരു ഭാഗം മാത്രമാണിത്. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സൈസ് തീരുവയിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറമെ ഇതുവഴി ലഭിക്കുന്ന അധിക ലാഭത്തില്‍ നിന്നുള്ള ഒരു വിഹിതം എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇങ്ങനെ 5,400 കോടി രൂപയാണ് ലാഭ വിഹിതമായി എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരുന്നത്. അതേസമയം, പ്രതിമാസം ശരാശരി 607.5 കോടി രൂപയാണ് ഇന്ധന വിലയുടെ ക്രമാതീതമായ വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്.

Latest