പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരെ ഒറ്റപ്പെടുത്തുന്നു: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: May 25, 2018 6:03 am | Last updated: May 25, 2018 at 12:43 am

കോഴിക്കോട്: നിപ്പാ വൈറസ് മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നതായി പരാതി. വൈറസ് ബാധയേല്‍ക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ഇവര്‍ ഒറ്റപ്പെടുത്തുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തങ്ങളെ ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അതിനിടെ, ആശുപത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവത്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കത്തയച്ചു. നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപ്പാ വൈറസ് ബാധമൂലം ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണ മടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് നഴ്‌സുമാരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്‌സുമാരും അഞ്ച് എന്‍ ആര്‍ എച്ച് നഴ്‌സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്‌സുമാരും വരാതായി. നിപ്പാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാത്ത സാഹചര്യമാണ്. സമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു.