എം എച്ച് 17 വിമാന ദുരന്തം: അപകടത്തിന് കാരണം റഷ്യന്‍ മിസൈലെന്ന് രാജ്യാന്തര അന്വേഷണ സംഘം

Posted on: May 25, 2018 6:03 am | Last updated: May 24, 2018 at 11:04 pm

മോസ്‌കോ: 2014ല്‍ ഉക്രൈനില്‍ വെച്ച് മലേഷ്യയുടെ എം എച്ച് 17 വിമാനം അപകടത്തില്‍പ്പെട്ടത് റഷ്യയുടെ മിസൈല്‍ പതിച്ചാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഏറെ വിവാദം സൃഷ്ടിച്ചേക്കാവുന്ന പുതിയ കണ്ടെത്തലുകളുള്ളത്. തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് കൃത്യമായ തെളിവുകള്‍ കൈവശമുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വ്യക്തിയെ പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല.

ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറക്കുകയായിരുന്ന ബോയിംഗ് 777 വിമാനം ഉക്രൈനില്‍ ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ വിമാന യാത്രക്കാരായ 298 പേരും കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 193 പേര്‍ ഡച്ച് പൗരന്മാരായിരുന്നു.

വിമാന ദുരന്തത്തെ തുടര്‍ന്ന് കണ്ടെടുത്ത ബ്ലാക് ബോക്‌സ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. കൂര്‍ത്ത വസ്തു വിമാനത്തിനെ വന്നിടിച്ചതായും പൊട്ടിത്തെറിക്കാന്‍ മാത്രമുള്ള സമ്മര്‍ദം പുറത്തുനിന്നുണ്ടായെന്നും ബ്ലാക് ബോക്‌സ് പരിശോധനയില്‍ നിന്ന് വ്യക്തമായിരുന്നതാണ്. ഉക്രൈന്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് പ്രഥമഘട്ടത്തില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. അപകടം നടക്കുന്ന സമയത്ത് കിഴക്കന്‍ ഉക്രൈനിന്റെ നിയന്ത്രണം പിടിച്ചടക്കാന്‍ വേണ്ടി റഷ്യന്‍ പിന്തുണയുള്ള സൈന്യം ശ്രമം നടത്തിയിരുന്നു. എന്നാല്‍ റഷ്യയാണ് വിമാന ദുരന്തത്തിന് പിന്നിലെന്ന വാദം റഷ്യയും ഉക്രൈനിലെ സര്‍ക്കാര്‍ വിരുദ്ധ വിമത സംഘങ്ങളും തള്ളിക്കളഞ്ഞതാണ്. വിമാനം തകര്‍ത്തവരെ നിയമത്തിന് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തില്‍ 2015ല്‍ ഐക്യരാഷ്ട്ര സഭ നീക്കം നടത്തിയിരുന്നെങ്കിലും ഇതിനെ റഷ്യ വീറ്റോ ചെയ്യുകയായിരുന്നു.

പുതിയ കണ്ടെത്തല്‍ നേരത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നതാണെന്നും പുതിയതായി അന്വേഷണ സംഘം ഒന്നും കണ്ടെത്തിയിട്ടില്ലെന്നും റഷ്യ പ്രതികരിച്ചു.