Connect with us

Articles

മൂന്നാം വര്‍ഷത്തിലേക്ക്, നിശ്ചയദാര്‍ഢ്യത്തോടെ

Published

|

Last Updated

ഇടതു മുന്നണി മന്ത്രിസഭ അധികാരമേറ്റെടുത്തിട്ട് ഇന്ന് രണ്ടുവര്‍ഷം തികയുകയാണ്. രണ്ടു വര്‍ഷം കൊണ്ട് സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തി മുന്നേറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഹ്രസ്വകാല അടിസ്ഥാനത്തില്‍ ജനങ്ങളുടെ അടിയന്തിര പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുകയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖ രീതിയുമായാണ് സര്‍ക്കാര്‍ മുമ്പോട്ടുകൊണ്ടുപോകുന്നത്. ഇത് ഫലം കാണുന്നുണ്ടുതാനും.

പൊതുവെ നാലു കാര്യങ്ങളില്‍ ഊന്നി നിന്നുകൊണ്ട് മുന്നോട്ടു പോകാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒന്ന്, അധികാരവും അഴിമതിയും അനാശാസ്യവും ഒക്കെ കൂടിക്കലര്‍ന്ന് രാഷ്ട്രീയാന്തരീക്ഷം ജീര്‍ണിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിലൊക്കെ വ്യാപരിക്കുന്നവര്‍ അധികാരത്തെ ഉപകരണമാക്കി രക്ഷപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. എന്നാല്‍, കേരള സമൂഹത്തെ അത്തരം ജീര്‍ണതകളില്‍ നിന്ന് മോചിപ്പിച്ച് പുതിയൊരു രാഷ്ട്രീയ സംസ്‌കാരം പകരംവെക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനം. ജീര്‍ണിച്ച ഭരണസംവിധാനത്തെ നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. സിവില്‍ സര്‍വീസ് നവീകരിച്ച് ശക്തിപ്പെടുത്തുന്നതിന് തുടക്കംകുറിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അടക്കമുള്ള വിഷയങ്ങളില്‍ ശരിയും ശക്തവുമായ തീരുമാനങ്ങള്‍ എടുത്തു. ജനകീയ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാനും ഇച്ഛാശക്തിയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

രണ്ട്, തടസ്സപ്പെട്ടു കിടന്നിരുന്ന അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള പൊതുവികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമമാരംഭിച്ചു. നാഷനല്‍ ഹൈവേയും മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും കൂടംകുളം ലൈനും എല്ലാം വേഗത്തില്‍ തീര്‍ക്കും എന്നുറപ്പുവരുത്താനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുത്തു. അതിന്റെ ഫലമായി കഴിഞ്ഞ കാലത്ത് 131.6 കോടി മൊത്തം നഷ്ടം ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ 104 കോടി ലാഭം ഉണ്ടാക്കുന്ന സ്ഥിതിയിലേക്കു മാറി. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിന് പലവിധത്തിലുള്ള ഇടപെടലുകള്‍ നടത്തി. തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ നോക്കുകൂലി നിര്‍ത്തലാക്കി. സുഗമമായ വ്യവസായ നിക്ഷേപങ്ങള്‍ ക്കാവശ്യമായ സാഹചര്യമൊരുക്കാന്‍ “ഈസ് ഓഫ് ഡൂയിങ് ബിസിനസ്” ഉറപ്പുവരുത്തി.

മൂന്ന്, സാമൂഹിക ക്ഷേമ മേഖലയില്‍ ശ്രദ്ധചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും സാധിച്ചു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശിക കൊടുത്തുതീര്‍ക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനായുള്ള ശ്രമങ്ങള്‍ എല്‍ പി, യുപി കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിന് സഹായകമായി. അതിഥി തൊഴിലാളികള്‍ക്ക് “ആശ്വാസ്” എന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമും താമസത്തിനായി “അപ്‌നാഘര്‍” പദ്ധതിയും ആവിഷ്‌കരിച്ചു.

നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു. ആശ വര്‍ക്കര്‍മാരുടെ ശമ്പളത്തില്‍ 50 ശതമാനം വര്‍ധന വരുത്തി. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം 36 മുതല്‍ 104 ശതമാനം വരെ വര്‍ധിപ്പിച്ചു. 60 വയസുകഴിഞ്ഞ എല്ലാവരെയും സാമൂഹിക സുരക്ഷാ ശൃംഖലയില്‍ ഉള്‍പ്പെടുത്തി. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 416 കോടി രൂപ 2.53 ലക്ഷം പേര്‍ക്ക് സുതാര്യവും സമയബന്ധിതവുമായി വിതരണം ചെയ്തു.

നാല്, കേരള മോഡല്‍ സാമൂഹിക വികസനം പുതിയ സാഹചര്യങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ അവയെ മറികടന്ന് ദീര്‍ഘവീക്ഷണത്തോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയി. അതിനായി നടപ്പിലാക്കിയവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആര്‍ദ്രം, ലൈഫ്, ഹരിതകേരളം എന്നീ മിഷനുകള്‍. ആഗോളവത്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും സാര്‍വദേശീയ സാമ്പത്തിക സമ്മര്‍ദ ഘട്ടത്തില്‍ ഈ മിഷനുകള്‍ വഴി കൂടിയാണ് ഇടതു സര്‍ക്കാര്‍ അതിന്റെ ബദല്‍ മുമ്പോട്ടുവച്ചതും മുന്നോട്ടു കൊണ്ടുപോകുന്നതും.

എല്ലാ നിലവാരത്തിലും കേരളം മുന്നേറിയ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോയത്. മാനവ വികസന സൂചികയില്‍ കേരളത്തിന് ഉയര്‍ന്ന സ്ഥാനമാണ് ഐക്യരാഷ്ട്രസഭ നല്‍കിയത്. മികച്ച ക്രമസമാധാന പാലനത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ് ലഭിച്ചു. വയോജന സംരക്ഷണത്തിനായി നാം നടപ്പാക്കിയ വയോമിത്രം പരിപാടിക്ക് വയോജന ശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചു. അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് തിരഞ്ഞെടുത്തതും കേരളത്തെയാണ്. അഴിമതി ഏറ്റവും കുറഞ്ഞാല്‍ പോരാ അഴിമതി തീരെയില്ലാത്ത സംസ്ഥാനമായി കേരളം മാറണം. അതാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള സംസ്ഥാനം, പട്ടിക വിഭാഗങ്ങള്‍ക്കുള്ള വിഭവ വിഹിതം ജനസംഖ്യാനുപാതത്തിലും കൂടുതല്‍ വകയിരുത്തിയ സംസ്ഥാനം, ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തീരെ കുറഞ്ഞ സംസ്ഥാനം, ഏറ്റവും ഉയര്‍ന്ന ലിംഗാനുപാതമുള്ള സംസ്ഥാനം, വനിതാ-ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പും ജെണ്ടര്‍ ബജറ്റിംഗും ഉള്ള ഏക സംസ്ഥാനം, വെളിയിട വിസര്‍ജനവിമുക്ത സംസ്ഥാനം, ഉയര്‍ന്ന ആരോഗ്യ-ജീവിത സൂചികയുള്ള സംസ്ഥാനം, ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ സമഗ്ര പദ്ധതിയുള്ള സംസ്ഥാനം, ഇന്റര്‍നെറ്റ് പൗരന്മാരുടെ അവകാശമാക്കിയ സംസ്ഥാനം, സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ സംസ്ഥാനം എന്നിങ്ങനെ കേരളത്തിന്റെ വിശേഷണങ്ങള്‍ ഏറെയാണ്. തീര്‍ച്ചയായും നമ്മുടെ കേരളം ഒന്നാംസ്ഥാനത്തു തന്നെയാണ്, എന്നാല്‍ ഈ നേട്ടങ്ങളില്‍ ഒതുങ്ങിയിരിക്കാന്‍ പറ്റില്ല. നമുക്ക് ഇനിയും മുന്നേറേണ്ട മേഖലകളുണ്ട്.

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest