Connect with us

Gulf

ആരോഗ്യമേഖലയില്‍ നിര്‍ണായക പദ്ധതിയുമായി ഷാര്‍ജ

Published

|

Last Updated

ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മര്‍വാന്‍ ജാസിം അല്‍ സര്‍കാല്‍ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ സീജോങ് ജനറല്‍ ആശുപത്രി, ആര്‍ ഇ ഐ ഹോള്‍ഡിങ് ഗ്രൂപ് പ്രതിനിധികള്‍ക്കൊപ്പം

ഷാര്‍ജ: യു എ ഇയുടെ ആതുരസേവന രംഗത്തിനു ഉണര്‍വേകുന്ന നിര്‍ണായക പ്രഖ്യാപനവുമായി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയന്‍ ആശുപത്രിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്. ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ള യുഎഇയിലെ തന്നെ ആദ്യത്തെ കൊറിയന്‍ ആശുപത്രിയാണ് ഷാര്‍ജയില്‍ ഒരുങ്ങുന്നത്.

സൗത്ത് കൊറിയയുടെ ആരോഗ്യ മേഖലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ സീജോങ് ജനറല്‍ ആശുപത്രി, ആര്‍ ഇ ഐ ഹോള്‍ഡിങ് ഗ്രൂപ് എന്നിവരുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ശുറൂഖ് ഒപ്പുവെച്ചു. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍ വെച്ച് നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍മാന്‍ മര്‍വാന്‍ ജാസ്സിം അല്‍ സര്‍കാല്‍, ആര്‍ഇഐ ഹോള്‍ഡിങ് ഗ്രൂപ് മേധാവി സൂന്‍ ബോങ് ഹോങ്, ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജിന്‍സിന്‍ പാര്‍ക്ക് എന്നിവര്‍ പങ്കെടുത്തു.
യു എ ഇയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭം ശുറൂഖിന്റെ നേതൃത്വത്തില്‍ ഒരുക്കാനായതില്‍ ഏറെ അഭിമാനമുണ്ട്. ഷാര്‍ജയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിന് ആവേശം പകരുന്നതാണ് ആരോഗ്യമേഖലയിലെ ഇത്തരം കൂട്ടായ്മകള്‍. ജനങ്ങളുടെ ജീവിതത്തിനും ആരോഗ്യസംരക്ഷണത്തിനും ഏറ്റവും മികച്ച സൗകര്യം ഒരുക്കാന്‍ ഈ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇവര്‍ക്കാവും. ആതുരസേവന രംഗത്തെ മികവിനോടൊപ്പം മെഡിക്കല്‍ ടൂറിസത്തിന്റെ പുതിയ ഒരു അധ്യായം കൂടിയാണിതെന്ന് ശുറൂഖ് ചെയര്‍മാന്‍ മര്‍വാന്‍ ജാസിം അല്‍ സര്‍ക്കാല്‍ പറഞ്ഞു.

വൈദ്യശാസ്ത്രത്തില്‍ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങളാവും ഷാര്‍ജയിലെ ഈ കൊറിയന്‍ ആശുപത്രിയില്‍ ഒരുങ്ങുകയെന്നു ഹൈവോന്‍ മെഡിക്കല്‍ ഫൗണ്ടേഷന്‍ മേധാവി ജിന്‍സിന്‍ പാര്‍ക്ക് പറഞ്ഞു. ഹൃദ്രോഗ പരിചരണത്തിനു പ്രത്യേക ഊന്നല്‍ നല്‍കി കൊണ്ടായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനം. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും സമന്വയിക്കുന്ന ആശുപത്രി, മേഖലയിലെ ആതുരസേവന സൗകര്യങ്ങളെ പുതിയ തലത്തിലേക്ക് ഉയര്‍ത്തും. യു എ ഇയോടൊപ്പം സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ തുടങ്ങി മറ്റു അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പദ്ധതിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാവും.

കാന്‍സര്‍, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, ട്രാന്‍സ്പ്ലാന്റ് തുടങ്ങി വിവിധ ചികിത്സകള്‍ തേടി വര്‍ഷം തോറും നിരവധി പേരാണ് യു എ ഇയില്‍ നിന്നും മറ്റു സമീപ രാജ്യങ്ങളില്‍ നിന്നും സൗത്ത് കൊറിയയിലേക്ക് എത്തുന്നത്. കഴിഞ്ഞ 36 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സീജോങ് ജനറല്‍ ആശുപത്രിയില്‍ മുപ്പത്തൊന്നായിരത്തിലേറെ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ട്. ആഞ്ചിയോഗ്രാം ചികിത്സക്കായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്.

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ഏറെ ആശ്രയിക്കപ്പെടുന്ന സൗത്ത് കൊറിയന്‍ സാങ്കേതിക സംവിധാനങ്ങളും രീതികളും പശ്ചിമേഷ്യയിലേക്ക് കടന്നു വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരും നോക്കിക്കാണുന്നത്. ലോക തലത്തില്‍ പ്രശസ്തമായ സീജോങ് ജനറല്‍ ആശുപത്രി പോലൊരു സ്ഥാപനം കടന്നു വരുന്നതിലൂടെ മേഖലയിലെ മെഡിക്കല്‍ ടൂറിസം രംഗവും ഏറെ ഉണര്‍വിലേക്കെത്തും. ഡോക്ടര്‍മാര്‍. നഴ്‌സിംഗ്, സപ്പോര്‍ട്ട് സ്റ്റാഫ് തുടങ്ങി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ഏറെ ഗുണകരമാവും.

Latest