നിപ്പ: മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസെടുത്തു

Posted on: May 24, 2018 10:31 am | Last updated: May 24, 2018 at 10:31 am

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാവൂര്‍ വൈദ്യുതി ശ്മശാനത്തിലെ ജീവനക്കാരായ ബാബു, ഷാജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്‍പറേഷന്‍ ജീവനക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

നിപ്പ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച നാദാപുരം ചെക്യാട് സ്വദേശി അശോകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അശോകന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാന ജീവനക്കാരെ സമീപിച്ചപ്പോള്‍ യത്രത്തകരാറാണെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി വൈറസ് ബാധയേല്‍ക്കുമെന്ന ഭയമായിരുന്നു ഇതിന് പിന്നില്‍.