Connect with us

National

കുമാര യുഗം @ കര്‍ണാടക

Published

|

Last Updated

കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന എച്ച് ഡി കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭായിവാല സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ഇനി കുമാര യുഗം. സംസ്ഥാനത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിക്കിത് രണ്ടാമൂഴമാണ്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ രണ്ടാം തവണയും കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നയാളെന്ന വിശേഷണം കുമാരസ്വാമിക്ക് സ്വന്തം. ഇതിന് മുമ്പ് 2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബര്‍ വരെയാണ് അദ്ദേഹം കര്‍ണാടകയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചത്.

വിജയ പരാജയങ്ങളും രാഷ്ട്രീയ നാടകീയതകളും കുമാരസ്വാമിയുടെ വളര്‍ച്ചക്കൊപ്പമുണ്ടായിരുന്നു. രാഷ്ട്രീയപരമായും നയപരമായും ഒന്നിക്കാനാകാത്ത കക്ഷികളുമായും വ്യക്തികളുമായും അധികാരം പങ്കിടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കുമാരസ്വാമി രാഷ്ട്രീയ രംഗത്ത് കാലെടുത്ത് വെച്ചത്. രാമനഗര ജില്ലയിലെ കനകപുര മണഡലത്തില്‍ നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. എന്നാല്‍ 1998ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനകപുരത്തില്‍ നിന്നുതന്നെ മത്സരിച്ചെങ്കിലും എം വി ചന്ദ്രശേഖര മൂര്‍ത്തിയോട് പരാജയപ്പെട്ടു. 1999ല്‍ സതാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം തികക്കാനാകാതെ വന്നപ്പോള്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്കുലറും സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപവത്കരിച്ചു. ധരംസിംഗായിരുന്നു അന്ന് മുഖ്യമന്ത്രി. എന്നാല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള 42 ജനതാദള്‍- എസ് എം എല്‍ എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതിനെത്തുടര്‍ന്ന് 2006 ജനുവരി 28ന് ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി, കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചു.

2006 ഫെബ്രുവരി നാല് മുതല്‍ 2007 ഒക്ടോബര്‍ ഒമ്പത് വരെ കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി. ബി ജെ പിയും ജനതാദളുമായുള്ള അധികാര പങ്കിടല്‍ വ്യവസ്ഥയുടെ ഭാഗമായി രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന കരാറിനെ തുടര്‍ന്ന് 2007 ഒക്ടോബര്‍ എട്ടിന് കുമാരസ്വാമി രാജിവെച്ചു. തുടര്‍ന്ന് 2007 നവംബര്‍ 12ന് ബി ജെ പിയുടെ ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ജെ ഡി എസ് സംസ്ഥാന പ്രസിഡന്റായിരുന്ന മെറജുദീന്‍ പട്ടേലിന്റെ മരണത്തെത്തുടര്‍ന്നാണ് കുമാരസ്വാമി പാര്‍ട്ടിയുടെ അമരത്തെത്തിയത്. എന്നാല്‍, ബെംഗളൂരു റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലെയും മാണ്ഡ്യ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകളില്‍ ജെ ഡി എസിന്റെ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കുമാരസ്വാമി രാജിവെച്ചു. 2013 സെപ്തംബറില്‍ കുമാരസ്വാമിക്ക് പകരം എ കൃഷ്ണപ്പയെ ജെ ഡി എസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. 2014 നവംബറില്‍ കുമാരസ്വാമി വീണ്ടും പാര്‍ട്ടി അധ്യക്ഷനായി.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ഹൊലനരസിപുര താലൂക്കിലെ ഹരദനഹള്ളിയില്‍, മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവെഗൗഡയുടെയും ചെന്നമ്മയുടെയും മകനായാണ് കുമാരസ്വാമിയുടെ ജനനം. ഹസന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബെംഗളൂരുവിലെ ജയനഗറിലുള്ള എം ഇ എസ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. വിജയ കോളജില്‍ നിന്ന് പി യു സിയും ജയനഗറിലെ നാഷനല്‍ കോളജില്‍ നിന്നും ബി എസ്‌സി ബിരുദവും കരസ്ഥമാക്കി. 1984 മാര്‍ച്ച് 13ന് അനിതയെ വിവാഹം ചെയ്തു. കുമാരസ്വാമിയുടെയും അനിതയുടെയും മകനായ നിഖില്‍ ഗൗഡ, കന്നഡ ചലച്ചിത്ര അഭിനേതാവാണ്. 2006ല്‍ കുമാരസ്വാമി, കന്നഡ ചലച്ചിത്രനടിയായ രാധികയെ വിവാഹം ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 494ന്റെ ഭാഗമായുള്ള ഹിന്ദു വ്യക്തി നിയമപ്രകാരമുള്ള വിവാഹ നിയമം ഈ വിവാഹത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കര്‍ണാടക ഹൈക്കോടതി, തെളിവുകളുടെ അഭാവം കാരണം കേസ് തള്ളി. ചില കന്നഡ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.