ഇനിയെസ്റ്റ ഇനി ജപ്പാനില്‍

Posted on: May 24, 2018 6:08 am | Last updated: May 24, 2018 at 12:47 am

ബാഴ്‌സലോണ: ബാഴ്‌സലോണ എഫ് സിയോട് വിട പറഞ്ഞ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഇനിയെസ്റ്റ ജാപനീസ് ഫുട്‌ബോള്‍ ലീഗിലേക്ക്. ടോപ് ഡിവിഷന്‍ ക്ലബ്ബായ വിസെന്‍ കോബെയുമായി ഇനിയെസ്റ്റ കരാറിലെത്തിയേക്കുമെന്ന് ബാഴ്‌സലോണയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മുന്‍ഡോ ഡിപോര്‍ട്ടീവോ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ബാഴ്‌സലോണയില്‍ അവസാന മത്സരം കളിച്ച ശേഷം ഇനിയെസ്റ്റ ജപ്പാനിലേക്ക് പോയെന്നും വൈകാതെ അവിടെ മാധ്യമങ്ങളെ കാണുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജാപനീസ് ക്ലബ്ബുമായി കരാറിലെത്തിയ ശേഷം ഇനിയെസ്റ്റ തിങ്കളാഴ്ചയോടെ ലോകകപ്പിനുള്ള സ്‌പെയിന്‍ സ്‌ക്വാഡിനൊപ്പം ചേരും. 2010 ലോകകപ്പ് ഫൈനലില്‍ ഹോളണ്ടിനെതിരെ വിജയഗോള്‍ നേടിയ ഇനിയെസ്റ്റ കരിയറിലെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബാഴ്‌സലോണ ക്ലബ്ബിന്റെ മുഖ്യ സ്‌പോണ്‍സറായ റകുടെന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഹിരോഷി മികിതാനിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് വിസെന്‍ കോബെ.

ജെ ലീഗിലേക്ക് ഇനിയെസ്റ്റയെ കൊണ്ടു പോകുന്നതിന് പിറകില്‍ ഈ ബന്ധമാണ്. ജര്‍മനിയുടെ മുന്‍ രാജ്യാന്തര താരം ലുകാസ് പൊഡോള്‍സ്‌കി കഴിഞ്ഞ വര്‍ഷം കോബെയില്‍ ചേര്‍ന്നിരുന്നു. ബാഴ്‌സയുടെ ഇതിഹാസമായിരുന്ന ഡെന്‍മാര്‍ക്ക് താരം മൈക്കല്‍ ലൗഡ്രുപും ഈ ജാപനീസ് ക്ലബ്ബില്‍ കളിച്ചിട്ടുണ്ട്. 1996-97 സീസണിലായിരുന്നു ഇത്.

ബാഴ്‌സയുടെ മുന്‍ സ്‌ട്രൈക്കര്‍ ഗാരി ലിനേക്കറും ജപ്പാനിലാണ് കരിയര്‍ അവസാനിപ്പിച്ചത്. നഗോയ ഗ്രാംപസായിരുന്നു ലിനേക്കറിന്റെ ടീം.