Connect with us

Gulf

മസാജ് സെന്ററിന്റെ മറവില്‍ നൈജീരിയന്‍ സ്ത്രീകള്‍ സ്വദേശി യുവാവിന്റെ ഒരു ലക്ഷം തട്ടി

Published

|

Last Updated

ദുബൈ: മസാജ് സെന്ററിന്റെ മറവില്‍ ഇമാറാത്തി യുവാവിനെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം കവര്‍ന്ന കേസില്‍ രണ്ട് യുവതികള്‍ക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ. 32ഉം 33ഉം വയസുള്ള നൈജീരിയന്‍ യുവതികളാണ് വിചാരണ നേരിടുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഓണ്‍ലൈനില്‍ മസാജ് സെന്റര്‍ പരസ്യം കണ്ട സ്വദേശി യുവാവ് ഫോണ്‍ മുഖേന ബന്ധപ്പെടുകയും യുവതികള്‍ പറഞ്ഞത് പ്രകാരം അല്‍ ബര്‍ശയിലെത്തുകയായിരുന്നു. മുറിയിലെത്തിയ യുവാവിന്റെ ദേഹത്തേക്ക് രണ്ട് യുവതികളും ചാടി വീഴുകയും ഒരാള്‍ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതേ തുടര്‍ന്ന് യുവാവ് സ്ത്രീകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നല്‍കി. പണം വാങ്ങി സ്ത്രീകള്‍ രക്ഷപ്പെടുകയും യുവാവ് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശൈഖ് സായിദ് റോഡിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇതില്‍ 33കാരിയായ യുവതി വ്യാജ പേരിലുണ്ടാക്കിയ പാസ്‌പോര്‍ട്ടാണ് പോലീസിന് നല്‍കിയതെന്ന് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് മറ്റൊരു പേര് പറയുകയും പ്രൊസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ മൂന്നാമതൊരു പേരുംകൂടി പറയുകയും ചെയ്തു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തടവില്‍ വെക്കല്‍, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് ഇരുവര്‍ക്കും മേല്‍ ചുമത്തിയിട്ടുണ്ട്. 33കാരിക്ക് മേല്‍ കള്ള പാസ്‌പോര്‍ട്ടുണ്ടാക്കിയതും ചോദ്യം ചെയ്യല്‍ വേളയില്‍ മൂന്ന് വ്യത്യസ്ത പേരുകള്‍ പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. അതേസമയം കുറ്റം ചെയ്തതായി ഇരുസ്ത്രീകളും കോടതിയില്‍ നിഷേധിച്ചു. അടുത്ത മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.

Latest