കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

Posted on: May 23, 2018 9:15 am | Last updated: May 23, 2018 at 11:10 am

ബംഗളുരു:കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്് നടക്കും. മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷന്‍ ജി പരമേശ്വരയും അധികാരമേല്‍ക്കും. സോണിയാ ഗാന്ധി, മമതാ ബാനര്‍ജി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച് സഖ്യത്തില്‍ ഭിന്നതകളുണ്ടെങ്കിലും അവ തല്‍ക്കാലം മാറ്റി വെച്ച് അധികാരമേല്‍ക്കാനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടിന് മുമ്പ് മന്ത്രിമാര്‍ , വകുപ്പ് എന്നീ കാര്യത്തില്‍ തീരുമാനം വേണ്ടന്നാണ് ധാരണ. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് വിധാന്‍ സൗധയില്‍ ഇന്ന് വൈകിട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യുക. 34 അംഗ മന്ത്രിസഭയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറില്‍ ഉണ്ടാവുക. ഇതില്‍ 12 മന്ത്രിസ്ഥാനം ജെഡിഎസിനാണ്. മുന്‍ സ്പീക്കറും സിദ്ധരാമയ്യ സര്‍ക്കാറില്‍

ആരോഗ്യമന്ത്രിയുമായിരുന്ന കെ ആര്‍ രമേഷ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ഥി. ജെഡിഎസിനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം. ഈ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ശേഷം 29ന് ശേഷമെ മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കു.