നിപ്പാ വൈറസ് രണ്ട് മരണം കൂടി; പന്ത്രണ്ട് പേര്‍ക്ക് വൈറസ് ബാധ

വിദഗ്ധ സംഘങ്ങള്‍ സന്ദര്‍ശിക്കും നിയന്ത്രണവിധേയമെന്ന് വിലയിരുത്തല്‍
Posted on: May 23, 2018 6:09 am | Last updated: May 22, 2018 at 11:22 pm

കോഴിക്കോട്: നിപ്പാ വൈറസ് ഭീതിയില്‍ സംസ്ഥാനം വിറങ്ങലിച്ച് നില്‍ക്കവെ മരണസംഖ്യ ഉയരുന്നു. നിപ്പാ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചു. ഇതോടെ നിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ചവര്‍ പത്തായി. കോഴിക്കോട് ജില്ലയില്‍ എട്ടും മലപ്പുറത്ത് രണ്ട് പേരുമാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാദാപുരം ചെക്യാട് ഉമ്മത്തൂര്‍ പാറക്കടവ് തട്ടാന്റവിട അശോകന്‍ (52), കൂരാച്ചുണ്ട് വട്ടച്ചിറ മാടംവള്ളി മീത്തല്‍ രാജന്‍ (47) എന്നിവരാണ് ഇന്നലെ മരിച്ചത്. രക്തസാമ്പിളുകള്‍ പരിശോധനക്കയച്ച് ഫലം ലഭിച്ച പതിനെട്ട് പേരില്‍ പന്ത്രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ഗൗരവതരമായ സാഹചര്യം സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് പനി ബാധിച്ച് മരിച്ച എട്ടില്‍ ഏഴ് പേര്‍ക്ക് നിപ്പാ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും നിപ്പാ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ആകെ 17 പേരാണ് നിപ്പാ ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് പേര്‍ വാര്‍ഡിലും ഒരാള്‍ പേ വാര്‍ഡിലും രണ്ട് പേര്‍ ചെസ്റ്റ് ഐ സി യു വിലും ഏഴ് പേര്‍ ഒബ്‌സര്‍വേഷന്‍ വാര്‍ഡിലുമാണ് ചികിത്സയിലുള്ളത്.

രാജന് രോഗം പടര്‍ന്നത് പേരാമ്പ്ര ആശുപത്രിയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്. ചങ്ങരോത്ത് നിപ്പാ ബാധിച്ചു മരിച്ച സഹോദരങ്ങള്‍ ചികിത്സയിലായിരുന്ന സമയത്ത് രാജനും ഇതേ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. രാജന് ഇവിടെ നിന്നാകും വൈറസ് ബാധയേറ്റതെന്നാണ് നിഗമനം. സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. ബന്ധുക്കളുടെ അനുമതിയോടെ രണ്ട് മൃതദേഹങ്ങളും പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. രോഗികളുമായി ഇടപഴകിയവര്‍ക്കും രോഗസാധ്യത കണക്കിലെടുത്ത് അറുപതിലധികം പേരുടെ രക്ത സാമ്പിളുകള്‍ ലാബുകളിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.

മലപ്പുറത്ത് മരിച്ചവര്‍ ചങ്ങരോത്ത് മരിച്ച കുടുംബവുമായി ബന്ധപ്പെട്ടിരുന്നതായി മന്ത്രി കെ കെ ശൈലജ കോഴിക്കോട്ട് പറഞ്ഞു. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

നിപ്പാ വൈറല്‍ ബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പേരാമ്പ്രയില്‍ കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. വൈറസ് നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും സംഘം വിലയിരുത്തി. കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍, രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
അതേസമയം, നിപ്പാ വൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സംഘം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനിയും പരിശോധന നടത്തേണ്ടതുണ്ട്. വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് സംഘം വ്യക്തമാക്കി. കോഴിക്കോട് പേരാമ്പ്രയില്‍ നിപ്പാ വൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്നാണെന്നത് പ്രാഥമിക നിഗമനം മാത്രമാണെന്നും സംഘം വ്യക്തമാക്കി.

ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) വിദഗ്ധ സംഘം ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. എയിംസിലെ ഡോ. പി. രവീന്ദ്രന്‍, ഡോ. നവീന്‍ ഗുപ്ത, ഡോ. അഷുദോഷ്, ഡോ. ഭട്ടാചാര്യ, ഡോ. രമ സഹായ് എന്നിവരടങ്ങുന്ന സംഘം ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

രോഗത്തിന്റെ ഉറവിടം സംബന്ധിച്ചാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. ചെങ്ങരോത്തെ മൂസയുടെ വീട്ടില്‍ നിന്ന് പിടികൂടിയ വവ്വാലുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലേ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ചു വ്യക്തമാകുകയുള്ളൂ. അതേസമയം നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഴങ്ങളും ജ്യൂസും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി. പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാണ് പരിശോധന. പഴക്കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധനകള്‍ നടത്തും.