ഇറാന് വേണ്ടി തീരുമാനങ്ങളെടുക്കാന്‍ മൈക് പോംപിയോ ആരെന്ന് റൂഹാനി

Posted on: May 23, 2018 6:04 am | Last updated: May 22, 2018 at 11:08 pm

തെഹ്‌റാന്‍: ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രഖ്യാപനത്തെ ഇറാന്‍ ശക്തമായി വിമര്‍ശിച്ചു. ഈ നീക്കം അപലപനീയമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് വ്യക്തമാക്കി. പരാജയപ്പെട്ട പദ്ധതികളുടെ തടവുകാരനാണ് അമേരിക്ക. ഇറാനെതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന്റെ അനന്തരഫലങ്ങള്‍ അമേരിക്ക അനുഭവിക്കേണ്ടിവരും. അമേരിക്ക ഇപ്പോഴും അതിന്റെ പഴയ തെറ്റായ രീതിയിലേക്ക് തന്നെയാണ് തിരിച്ചുപോകുന്നത്. അമേരിക്ക പിന്മാറിയാലും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മറ്റു രാജ്യങ്ങളുമായി ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്നും ളരീഫ് പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിമൈക് പോംപിയോയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ചു. ഇറാന് വേണ്ടിയും ലോകത്തിന് വേണ്ടിയും തീരുമാനങ്ങളെടുക്കാന്‍ മുന്‍ സി ഐ എ മേധാവിയായിരുന്ന മൈക് പോംപിയോ ആരാണെന്നായിരുന്നു ഹസ്സന്‍ റൂഹാനിയുടെ പ്രതികരണം. ആണവ കരാറില്‍ നിന്ന് പിന്മാറി ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത്് യൂറോപ്യന്‍ യൂനിയന്‍ പോളിസി മേധാവി ഫെഡറിക്ക മൊഗേരിനി രംഗത്തെത്തി. 2015ലെ ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നത് എങ്ങനെയാണ് പശ്ചിമേഷ്യയെ സുരക്ഷിതമാക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കണം. 2015ല്‍ ധാരണയിലെത്തിയ ആണവ കരാറിന് പകരം മറ്റൊന്നും ബദലായി ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്മാറിയാലും ഇറാന്‍ ആണവ കരാറിലെ ധാരണകള്‍ക്കനുസരിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നിലപാട്.