Connect with us

International

ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്‍ അമേരിക്കയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയെ സംബന്ധിച്ച സംശയം നിലനില്‍ക്കുന്നതിനിടെ, ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്‍ അമേരിക്കയിലെത്തി. അടുത്ത മാസം നിശ്ചയിച്ച ട്രംപ്- ഉന്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് മൂണ്‍ ജെ ഉന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സിംഗപ്പൂരില്‍ വെച്ച് അടുത്ത മാസം 12ന് ട്രംപ്- ഉന്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി വൈറ്റ് ഹൗസ് ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മൂണ്‍ ജെ ഇന്നിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കൊറിയന്‍ ദ്വീപിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ട്രംപും ദക്ഷിണ കൊറിയന്‍ നേതാവ് ഉന്നും തമ്മിലുള്ള സൗഹൃദപരമായ ഇടപഴക്കങ്ങള്‍ തുടരുമെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ട് നേതാക്കളും അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഉത്തര കൊറിയ പൂര്‍ണമായും ആണവ നിരായുധീകരണ പാതയിലേക്ക് വരണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തര കൊറിയയുടെ ഔദ്യോഗിക നിലപാട് ഇനിയും പുറത്ത് വന്നിട്ടില്ല. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനിക അഭ്യാസത്തെ തുടര്‍ന്ന് ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഉത്തര കൊറിയ, ഈ നടപടിയില്‍ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയുമായി കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന ഉന്നതതല യോഗം റദ്ദാക്കുകയും ചെയ്തിരുന്നു.

Latest