അബുദാബിയില്‍നിന്ന് അസംസ്‌കൃത എണ്ണയുമായി പോയ കപ്പല്‍ ഇന്ത്യയിലെത്തി

Posted on: May 22, 2018 10:05 pm | Last updated: May 22, 2018 at 10:05 pm
ക്രൂഡ് ഓയിലുമായി ഇന്ത്യയിലെത്തിയ കപ്പല്‍ മംഗലാപുരത്തെത്തിയപ്പോള്‍

അബുദാബി: അഡ്നോക്കിന്റെ അസംസ്‌കൃത എണ്ണയുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. മംഗലാപുരത്തെ സംഭരണകേന്ദ്രത്തിലേക്കുള്ള ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണിത്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വസ് ലിമിറ്റഡും (ഐ എസ് പി ആര്‍ എല്‍) തമ്മിലുള്ള കരാറിന്റെ ഭാഗമായുള്ള ആദ്യ ചരക്കാണിത്. ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അഡ്നോക് സി ഇ ഒ സുല്‍ത്താന്‍ അല്‍ ജാബര്‍ എന്നിവര്‍ ചേര്‍ന്നാണ് കപ്പലിന്റെ ഫ്‌ലാഗ് ഓഫ് അബുദാബിയില്‍ നിര്‍വഹിച്ചിരുന്നത്.

20 ലക്ഷം ബാരല്‍ ഇന്ധനം നിറച്ച കപ്പല്‍ മെയ് 12 ന് ആണ് യാത്ര തിരിച്ചിരുന്നത്. 58.6 ലക്ഷം ബാരലാണ് മംഗലാപുരത്തെ സംഭരണിയുടെ ശേഷി. 2040 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏറ്റവും കൂടിയ നിലയിലായിരിക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതി ചെയ്യുന്ന 82 ശതമാനം ഇന്ധനത്തിന്റെ എട്ട് ശതമാനം മാത്രമാണ് യു എ ഇയില്‍ നിന്ന് ഇപ്പോഴുള്ളത്.