സ്‌പെയിന്‍ തയ്യാര്‍

മൊറാട്ടയും ഫാബ്രിഗസും പുറത്ത്
Posted on: May 22, 2018 6:01 am | Last updated: May 22, 2018 at 1:07 am

മാഡ്രിഡ്: ലോകകപ്പിനുള്ള സ്‌പെയിന്‍ ടീമില്‍ നിന്ന് ചെല്‍സി സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട പുറത്ത്. 23 അംഗ അന്തിമ സ്‌ക്വാഡില്‍ കോച്ച് യുലെന്‍ ലോപെടെഗു സ്‌ട്രൈക്കര്‍മാരായി ലാഗോ അസ്പാസിനെയും റോഡ്രിഗോ മൊറേനോയെയുമാണ് ഡിയഗോ കോസ്റ്റക്കൊപ്പം ഉള്‍പ്പെടുത്തിയത്.

മൊറാട്ടയെ കൂടാതെ ചെല്‍സിയുടെ മാര്‍കോസ് അലോണ്‍സോ, സെസ്‌ക് ഫാബ്രിഗസ് എന്നിവരും ലോകകപ്പ് അന്തിമ സ്‌ക്വാഡില്‍ ഇടം പിടിച്ചില്ല.

ചെല്‍സിക്കായി സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയ മൊറാട്ട പിന്നീട് പുറംവേദന കാരണം മങ്ങി. ഈ വര്‍ഷം 22 മത്സരങ്ങളില്‍ ആകെ മൂന്ന് ഗോളുകള്‍ മാത്രമാണ് മൊറാട്ടക്ക് നേടാനായത്. പ്രാഥമിക സ്‌ക്വാഡിലുള്‍പ്പെട്ട കളിക്കാരെ എന്തു കൊണ്ട് ഒഴിവാക്കുന്നുവെന്ന് അവരോട് തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കോച്ച് യുലെന്‍ വ്യക്തമാക്കി.

സെല്‍റ്റ വിഗോ താരമായ അസ്പാസ് സ്പാനിഷ് ലാ ലിഗയില്‍ 22 ഗോളുകള്‍ നേടി ഫോം തെളിയിച്ചു. വലന്‍ഷ്യയില്‍ മൊറേനോയും മികച്ച ഫോമിലായിരുന്നു. ജൂണ്‍ 15ന് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിനെതിരെ സ്‌പെയിന്‍ ആദ്യ മത്സരത്തിന് ഇറങ്ങുക ഡിയഗോ കോസ്റ്റയെ മുഖ്യ സ്‌ട്രൈക്കറുടെ റോളില്‍ നിര്‍ത്തിയാകും. വേഗവും ബോക്‌സിലേക്ക് കുതിച്ചു കയറ്റവുമുള്ള അസ്പാസും ആദ്യ ലൈനപ്പില്‍ ഇടം പിടിക്കാന്‍ മത്സരിക്കും. റയലിന്റെ സെന്‍സേഷന്‍ മാര്‍കോ അസെന്‍സിയോയും തകര്‍പ്പന്‍ ഫോമിലാണ്.

മാര്‍ച്ചില്‍ അര്‍ജന്റീനക്കെതിരെ സ്‌പെയ്‌നിനായി അരങ്ങേറിയ അലോണ്‍സോയെക്കാള്‍ കോച്ച് പരിഗണന നല്‍കിയത് ആഴ്‌സണലിന്റെ നാചോ മോണ്‍റിയലിനാണ. മിഡ്ഫീല്‍ഡില്‍ പ്രതിഭാസമ്പന്നമാണ് സ്‌പെയിന്‍. ഇത് ഫാബ്രിഗസിനും തിരിച്ചടിയായി. സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ്, സോള്‍ നിഗ്വുസ്, കോകെ, തിയഗോ അല്‍കന്റാര, ആന്ദ്രെ ഇനിയെസ്റ്റ, ഡേവിഡ് സില്‍വ, ഇസ്‌കോ, മാര്‍കോ അസെന്‍സിയോ, ലുകാസ് വാസ്‌ക്വുസ് എന്നിവരാണ് മധ്യനിരയില്‍.

ഗോള്‍കീപ്പര്‍മാരായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡേവിഡ് ഡി ഗിയ, പെപെ റെയ്‌ന, കെപ അറിസബലഗ എന്നിവര്‍.
ഡിഫന്‍സിലും പരിചയ സമ്പന്നരാണുള്ളത്. ചെല്‍സിയുടെ സെസാര്‍ അസ്പിലിക്യൂട, ഡാനി കര്‍വയാല്‍, അല്‍വാരോ ഒഡ്രിസോല, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, നാചോ, ജോര്‍ഡി അല്‍ബ എന്നിങ്ങനെ നീളുന്നു പ്രതിരോധ നിര.

23 അംഗ സ്‌ക്വാഡ് പ്രഖ്യാപിക്കല്‍ വലിയ വെല്ലുവിളിയായിരുന്നുവെന്ന് കോച്ച് ലോപെടെഗു സമ്മതിക്കുന്നു. എന്നാല്‍, ലോകകപ്പ് നേടാന്‍ സ്‌പെയ്‌നിനെ സഹായിക്കാന്‍ ഏറ്റവും ഫിറ്റ്‌നെസും പ്രതിഭയുമുള്ള കളിക്കാരെ കണ്ടെത്താനായിട്ടുണ്ടെന്ന് ലോപെടെഗു പറയുന്നു.

പരിചയ സമ്പന്നരുമായി ക്രൊയേഷ്യ

സാഗ്രെബ്: ക്രൊയേഷ്യയുടെ 32 അംഗ പ്രാഥമിക സ്‌ക്വാഡ് 24 അംഗ സ്‌ക്വാഡാക്കി കോച്ച് സ്ലാകോ ഡാലിച് ചുരുക്കി. ജൂണ്‍ നാലിന് മുമ്പായിട്ട് ഒരാളെ കൂടി ഒഴിവാക്കി അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കും. ഇരുപത്തൊന്ന് വയസുള്ള ഡിഫന്‍ഡര്‍ ഡ്യുയെ കലെറ്റ, ഇരുപത്താറുകാരനായ മിഡ്ഫീല്‍ഡര്‍ ഫിളിപ്ബരാഡാരിച് ഇവരിലൊരാളെ ഒഴിവാക്കിയാകും അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുക.

ലൂക മോഡ്രിച്, ഇവാന്‍ റാകിറ്റിച്, മരിയോ മാന്‍ഡുകിച്, ഇവാന്‍ പെരിസിച് എന്നിവര്‍ പ്രതീക്ഷിച്ചതു പോലെ ക്രൊയേഷ്യന്‍ സ്‌ക്വാഡിലുണ്ട്. അര്‍ജന്റീന, നൈജീരിയ, ഐസ്‌ലന്‍ഡ് ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്ന് നോക്കൗട്ട് റൗണ്ട് ലക്ഷ്യമിടുന്ന ക്രൊയേഷ്യ മുന്നൊരുക്കങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് ലോകകപ്പ് ഫേവറിറ്റായ ബ്രസീലിനെയും ജൂണ്‍ എട്ടിന് സെനഗലിനെയും സന്നാഹ മത്സരത്തില്‍ നേരിട്ടതിന് ശേഷമാണ് ക്രൊയേഷ്യ റഷ്യയിലെത്തുക.

1998 ലോകകപ്പില്‍ സെമിഫൈനല്‍ വരെ കുതിച്ച ക്രൊയേഷ്യ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ഇത്തവണ, ഏറ്റവും മികച്ച സ്ഥാനം നേടാന്‍ കരുത്തുള്ള സ്‌ക്വാഡ് ക്രൊയേഷ്യക്കുണ്ടെന്ന് കോച്ച് ഡാലിച് പറയുന്നു.

ഗോള്‍ കീപ്പര്‍മാര്‍ : ഡാനിയെല്‍ സുബാസിച്, ലോറെ കാലിനിച്, ഡൊമിനിക് ലിവകോവിച്.
ഡിഫന്‍ഡര്‍മാര്‍ : വെഡ്രാന്‍ കൊര്‍ലൂക, ഡൊമാഗോജ് വിദ, ഇവാന്‍ സ്ട്രിനിച്, ദെജാന്‍ ലോറന്‍, സിമെ സാല്‍കോ, ജോസിപ് പിവാരിച്, ടിന്‍ ജെദ്വാജ്, മാറ്റെജ് മിട്രോവിച്, ഡ്യുയെ കലെറ്റ കര്‍.
മിഡ്ഫീല്‍ഡര്‍മാര്‍ : ലൂക മോഡ്രിച്, ഇവാന്‍ റാകിറ്റിച്, മാറ്റിയോ കോവാസിച്, മിലന്‍ ബാദെജി, മാര്‍സലോ ബ്രൊസോവിച്, ഫിലിപ് ബ്രദരിച്.
ഫോര്‍വേഡ്‌സ് : മരിയോ മാന്‍ഡുകിച്, ഇവാന്‍ പെരിസിച്, നികോല കാലിനിച്, ആന്ദ്രെ ക്രമാരിച്, മര്‍കോ യാക, ആന്റെ റെബിച്.

റോമ മിഡ്ഫീല്‍ഡറെ തഴഞ്ഞ് ബെല്‍ജിയം

ടുബിസെ (ബെല്‍ജിയം): എ എസ് റോമ മിഡ്ഫീല്‍ഡര്‍ റാദ്ജ നെയിന്‍ഗാലാനെ തഴഞ്ഞ് ബെല്‍ജിയം ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചു.

23 അംഗ സ്‌ക്വാഡില്‍ നെയിന്‍ഗാലനുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, തികച്ചും ടീം ടാക്റ്റിക്‌സിന്റെ ഭാഗമായിട്ട് റോമ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്ന് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.

എന്നാല്‍, നെയിന്‍ഗാലനുമായി മാര്‍ട്ടിനെസിനുണ്ടായ അഭിപ്രായവ്യത്യാസം ടീം തിരഞ്ഞെടുപ്പില്‍ നിഴലിച്ചുവെന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

റാദ്ജ മികച്ച താരമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്കെതിരെ എ എസ് റോമക്ക് ഗംഭീര തിരിച്ചുവരവൊരുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച മിഡ്ഫീല്‍ഡര്‍. എന്നാല്‍ റോമയിലെ പൊസിഷന്‍ ബെല്‍ജിയം ദേശീയ ടീമില്‍ നെയിന്‍ഗാലന് ലഭിക്കില്ല. ഇതേക്കുറിച്ച് റോമ താരവുമായി ചര്‍ച്ച ചെയ്തിരുന്നു. ടീം പ്രഖ്യാപനം പോലും ഇതിന് ശേഷമായിരുന്നുവെന്ന് മാര്‍ട്ടിനെസ് പറയുന്നു.

യൂറോ കപ്പില്‍ തിളങ്ങിയ റോമ മിഡ്ഫീല്‍ഡര്‍ക്ക് ബെല്‍ജിയം ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ താരപരിവേഷമുണ്ട്. എന്നാല്‍, തന്റെ പദ്ധതിക്ക് അനുസരിച്ചുള്ള ടീമിനെയൊരുക്കാന്‍ മാര്‍ട്ടിനെസ് മറ്റ് എതിര്‍പ്പുകളെ അവഗണിക്കുകയായിരുന്നു.