Connect with us

National

സോചി അനൗപചാരിക ഉച്ചകോടി: പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മോസ്‌കോ/ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി സോച്ചിയില്‍ വെച്ച് അനൗപചാരിക ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് മോദി പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിക്കൊപ്പം 2001ല്‍ ആദ്യമായി റഷ്യ സന്ദര്‍ശിച്ചത് മോദി ഓര്‍മിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കൂടിക്കാഴ്ച നടത്തിയ ലോകനേതാവ് പുടിനായിരുന്നു. തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വിത്തുകള്‍ വിതച്ചത് വാജ്പയ് ആണ്. അതിനെ പുടിന്‍ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളര്‍ത്തിയിരിക്കുന്നു. ഷാംഗ്ഹായ് സഹകരണ സംഘടനയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യയെ സഹായിച്ചതില്‍ പ്രധാന പങ്ക് വഹിച്ച റഷ്യക്ക് അദ്ദേഹം നന്ദി പറഞ്ഞു. എട്ട് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഷാംഗ്ഹായ് സഹകരണ സംഘടന. ഇന്ത്യയെയും പാക്കിസ്ഥാനെയും കഴിഞ്ഞ വര്‍ഷമാണ് സംഘടനയില്‍ ഉള്‍പ്പെടുത്തിയത്.

ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തില്‍ നവോന്മേഷം പകരുന്നതാണ് മോദിയുടെ സന്ദര്‍ശനമെന്ന് പുടിന്‍ പറഞ്ഞു.