2016ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിവരം ചോര്‍ത്തിയ കേസില്‍ എഫ് ബി ഐയും സംശയ നിഴലില്‍

Posted on: May 22, 2018 6:03 am | Last updated: May 21, 2018 at 11:15 pm

വാഷിംഗ്ടണ്‍: രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിനിനെ സംബന്ധിച്ച് എഫ് ബി ഐ വിവരം ചോര്‍ത്തി നല്‍കിയോ എന്ന കാര്യംഅന്വേഷിക്കുമെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച അന്വേഷണം നടക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ തെറ്റായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും വിവരം ചോര്‍ത്തിനല്‍കിയിട്ടുണ്ടെങ്കില്‍ ഇതിനെ കുറിച്ചറിയല്‍ അനിവാര്യമാണെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റീന്‍ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

2016ല്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിനിടെ എഫ് ബി ഐയോ ഡി ഒ ജെയോ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനുള്ള സാധ്യതയെ കുറിച്ച് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇങ്ങനെ വിവരങ്ങള്‍ ചോര്‍ത്താന്‍ തന്റെ മുന്‍ഗാമിയായ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടത്തില്‍ നിന്ന് ആരെങ്കിലും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു. റഷ്യന്‍ സര്‍ക്കാര്‍ 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ രഹസ്യമായി ഇടപെട്ടുവെന്ന ആരോപണത്തെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.