Connect with us

Articles

നല്ലവരുമായുള്ള സഹവാസം

Published

|

Last Updated

പണ്ടൊരിക്കല്‍ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍ ഒരു കാര്യം പറയുന്നത് ഞാന്‍ കേട്ടു. വലിയ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗത്തിനിടയില്‍ പറഞ്ഞു. “ആള്‍ക്കാരെല്ലാം എന്നെപ്പറ്റി ഒരു മൊയ്‌ല്യാരാണെന്ന് പറയുന്നു. ഞാനങ്ങനെയുള്ള ഒരു ബല്യ മൊയ്‌ല്യാരൊന്നുമല്ല. പിന്നെ എന്റെ അടുക്കല്‍ ഒരു നല്ല കാര്യമുണ്ട്. എന്താണെന്നോ. എന്റെ ഉസ്താദ് എന്ത് പറയുന്നുവോ അപ്പറഞ്ഞത് പോലെ ഞാന്‍ സ്വീകരിക്കും, എന്റെ ഉസ്താദ് എന്ത് കല്‍പ്പിക്കുന്നുവോ അത് പോലെ ഞാന്‍ അനുസരിക്കും. മാത്രമല്ല, ഉസ്താദ് ഏത് രൂപത്തിലാണ് വസ്ത്രം ധരിക്കുന്നത്, ചെരിപ്പ് ഇടുന്നത്, അഴിക്കുന്നത് അങ്ങനെ എല്ലാം ഉസ്താദ് ചെയ്യുന്നത് പോലെ ഞാന്‍ ചെയ്യുന്നവനാണ്.”

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചു: “”കഅബാലയത്തിനെ നിങ്ങള്‍ക്ക് ഖിബ്‌ലയാക്കിയത് പോലെ നിങ്ങളെ ഉത്തമ സമുദായമായി നിശ്ചയിച്ചു. നിങ്ങള്‍ മറ്റു ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നവരാകാന്‍ വേണ്ടി. നബി തങ്ങള്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടി.”” എങ്ങനെ ജീവിക്കണം, എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ ഇബാദത്ത് ചെയ്യണം, എങ്ങനെ പെരുമാറണം, എങ്ങനെ ഭക്ഷിക്കണം തുടങ്ങി എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ വേണ്ടി ഉത്തമന്മാരായാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അപ്പോള്‍ എല്ലാ വിഷയത്തിലും നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണം. അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കണം.

പ്രഭാതം മുതല്‍ പ്രദോഷം വരെ, തല മുതല്‍ കാല്‍ വരെ വലത്തേത് മുതല്‍ ഇടത്തേത് വരെ എല്ലാ പ്രവര്‍ത്തനവും നേരായ വഴിയിലായിരിക്കണം. മറ്റുള്ളവര്‍ കാണുമ്പോള്‍ അവര്‍ക്ക് പഠിക്കാനും പകര്‍ത്താനും കഴിയണം. വിശ്വാസികള്‍ പരസ്പരം കാണുമ്പോള്‍ സലാം ചൊല്ലുന്നത്, പരിചയമുള്ളവരെയും അല്ലാത്തവരെയും കാണുമ്പോള്‍ പുഞ്ചിരിക്കുന്നത്; ഏതുവരെ ബസില്‍ കയറിയ നിനക്ക് ഒരു സീറ്റ് കിട്ടി. അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോള്‍ വയസ്സായ ഒരാള്‍ കയറി. അയാള്‍ക്ക് അവിടെ സീറ്റ് ഇല്ല. എന്നാല്‍ നീ അയാള്‍ക്ക് വേണ്ടി എഴുന്നേറ്റ് കൊടുക്കുകയും അയാളെ അവിടെ ഇരുത്തുകയും വേണം. അയാളുടെ മതം, ജാതി, വര്‍ണം ഒന്നും നോക്കരുത്. സാധുവായ ഒരു മനുഷ്യനാണെന്ന പരിഗണനയാണ് വേണ്ടത്. ഇനി നിന്റെ വീട്ടിന്റെ അയല്‍പക്കത്ത് നിന്നും പാതിരാ സമയത്ത് കുട്ടികള്‍ കരയുന്നത് കേട്ടാല്‍, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് എന്ന് നീ മനസ്സിലാക്കിയാല്‍ ആ വീട്ടില്‍ പോകണം. അത് മുസ്‌ലിമിന്റേതോ അമുസ്‌ലിമിന്റതോ ആരുടെ വീടാണെങ്കിലും. എന്നിട്ട് കാര്യങ്ങള്‍ അറിയണം. കുട്ടികള്‍ ഭക്ഷണം കഴിക്കാതെയാണ് ഇന്നലെ കിടന്നുറങ്ങിയത് എന്ന് അവര്‍ പറഞ്ഞാല്‍ അവര്‍ക്ക് നിന്റെ വീട്ടില്‍ നിന്ന് നീ ഭക്ഷണം എത്തിക്കണം. ഇത് സല്‍സ്വഭാവമാണ്. എവിടെയായിരുന്നാലും ഈ സ്വഭാവം കൈവെടിയരുത്.

സല്‍സ്വഭാവമാണ് ഒരു വിശ്വാസിയുടെ അടയാളം. നബി തങ്ങള്‍ മക്കാ നഗരത്തിലൂടെ നടന്ന് പോകുമ്പോള്‍ വയസ്സായ ഒരു സ്ത്രീ കെട്ടുംമാറാപ്പുമായി പോവുകയായിരുന്നു. അന്നേരം ആ സ്ത്രീ നബി തങ്ങളെ വിളിച്ച് ആ സാധനങ്ങള്‍ തന്റെ വീട്ടിലെത്തിച്ചു തരാന്‍ ആവശ്യപ്പെട്ടു. തിരുനബി യാതൊരു മടിയും കൂടാതെ ആ സാധനങ്ങല്‍ ചുമലിലേറ്റി സ്ത്രീയുടെ വീട്ടിലെത്തിച്ചു കൊടുത്തു. ഇതാണ് മാതൃക. നബി(സ) അരുളി: ഒരു വിശ്വാസി തന്റെ സല്‍സ്വഭാവം മുഖേന രാത്രി നിസ്‌കരിക്കുകയും പകല്‍ നോമ്പ് പിടിക്കുകയും ചെയ്യുന്ന ഒരാളുടെ സ്ഥാനത്തേക്ക് ഉയരുന്നതാണ്. കുറേ ഇബാദത്തുകള്‍ മാത്രം ചെയ്താല്‍ പോരാ. ജനങ്ങളുമായി നല്ലനിലയില്‍ വര്‍ത്തിക്കണം. നല്ല സ്വഭാവം കാണിക്കണം. എന്നാല്‍ മാത്രമേ വിശ്വാസം പൂര്‍ണമാവുകയുള്ളൂ. ഫുളയ്ല്‍(റ) നബി തങ്ങളോട് പറഞ്ഞു: “നബിയേ, പകല്‍ നോമ്പനുഷ്ഠിക്കുന്ന, രാത്രി മുഴുവന്‍ നിസ്‌കരിക്കുന്ന ഒരു സ്ത്രീയുണ്ട്. അവള്‍ ദുഃസ്വഭാവിയാണ്, നാവ് കൊണ്ട് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നു.” അപ്പോള്‍ നബി (സ) അവിടുന്ന് പ്രതിവചിച്ചു: അവള്‍ നരകാവകാശിയാണ്.

അല്ലാഹു ഈമാനിനെ ശക്തിപ്പെടുത്തുന്നത് സല്‍സ്വഭാവം കൊണ്ടുകൂടിയാണ്. നബി(സ) പറയുന്നു: അന്ത്യദിനത്തില്‍ മീസാനില്‍ ഭാരം തൂങ്ങുന്ന രണ്ട് പ്രവര്‍ത്തനങ്ങളാണ്; തഖ്‌വയും സല്‍സ്വഭാവവും. മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ അടിമ അവന്റെ സല്‍സ്വഭാവം കാരണമായി പരലോകത്തെ മഹത്തായ സ്ഥാനങ്ങള്‍ കരസ്ഥമാക്കും. അവന് കര്‍മകുശലതയില്ലെങ്കിലും മഹനീയമായ പദവികള്‍ ലഭിക്കും. മറ്റൊരു സന്ദര്‍ഭത്തില്‍ ആരംഭപൂവായ മുത്ത് നബി പറഞ്ഞു: സല്‍സ്വഭാവത്തോടെ ജനങ്ങളുമായി പെരുമാറുക. കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് സല്‍സ്വഭാവമാണ്.

നബി തങ്ങളുടെ തിരുസുന്നത്തുകള്‍ അധികരിപ്പിക്കണം. എല്ലാം സൂക്ഷ്മമായി ചെയ്യണം. വുളൂ ചെയ്യുമ്പോള്‍ കുപ്പായക്കൈ നാം പൊക്കി വെക്കാറുണ്ട്. അങ്ങനെ വുളൂ ചെയ്തതിന് ശേഷം നേരെ നിസ്‌കാരത്തിലേക്ക് കടക്കരുത്. ഖിബ്‌ലക്ക് മുന്നിട്ട് രണ്ട് കൈയും കണ്ണും മേല്‍പ്പോട്ട് ഉയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കണം. വുളൂഇന് ശേഷമുള്ള ദുആ. നമ്മള്‍ മദ്‌റസയില്‍ പഠിച്ച ദുആ. എപ്പോഴും ഓര്‍മയിലുണ്ടാകണം. എന്നിട്ട് കുപ്പായത്തിന്റെ കൈ താഴ്ത്തണം. ഞെരിയാണിക്ക് മുകളില്‍ വസ്ത്രം ഉയര്‍ത്തണം. തൊപ്പിയോ തലപ്പാവോ ധരിക്കണം. സ്വഫ് ക്ലിയര്‍ ആക്കണം. അങ്ങനെയാവണം നിസ്‌കാരത്തിന് നില്‍ക്കേണ്ടത്. ഉറക്കില്‍ നിന്ന് ഉണരുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും വലതു ഭാഗത്തെ മുന്തിക്കണം. ഭക്ഷിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ വലത് കൈ കൊണ്ട് ചെയ്യണം. സല്‍കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസവും കൂടിയാണ് വിശുദ്ധ റമസാന്‍. സുന്നത്തുകള്‍ ഒന്നും തന്നെ പാഴായിപ്പോകരുത്. തിരുനബിയുടെ മേലില്‍ ധാരാളം സ്വലാത്ത് വര്‍ധിപ്പിക്കാനും ശ്രമിക്കണം.
അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് തഖ്‌വ ചെയ്യണം, അതുപോലെ സത്യം പറയുന്നവരുടെ കൂടെയായിത്തീരണം”. ഇമാം ഗസ്സാലി തന്റെ ഇഹ്‌യാഇല്‍ പറഞ്ഞിട്ടുണ്ട്, “”സത്യം മാത്രം പറയുന്നവര്‍ (സ്വാദിഖീങ്ങള്‍) എന്ന് പറഞ്ഞാല്‍ ഈമാന്‍ കൊണ്ട് ഹൃദയത്തെ ശുദ്ധീകരിച്ചവരാണ്””. അവര്‍ കാണിച്ചത് പോലെയാണ് നാം പ്രവര്‍ത്തിക്കേണ്ടത്. ഇക്കാലത്തെ മഹാന്‍മാരായ സ്വലിഹീങ്ങള്‍ കാണിച്ച മാതൃക അവര്‍ മുന്‍ഗാമികളായ സ്വാലിഹീങ്ങളില്‍ നിന്ന് പകര്‍ത്തിയതാണ്. അവരുടെ സല്‍സ്വഭാവവും പെരുമാറ്റവും എല്ലാം നാം പഠിച്ചുവെക്കണം. നല്ലവരുമായി സഹവസിക്കുമ്പോള്‍ നമുക്ക് തെറ്റ് ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് എപ്പോഴും അല്ലാഹുവുമായി കണക്ഷനുണ്ട്. കഴിഞ്ഞുപോയതും ജീവിച്ചിരിക്കുന്നതുമായ സ്വാലിഹീങ്ങളുമായി നമുക്ക് അഭേദ്യമായ ബന്ധം വേണം. എന്നാലേ ഈമാനും തഖ്‌വയും പൂര്‍ണമാവുകയുള്ളൂ. പുത്തന്‍ ആശയക്കാര്‍ ഇതിനെതിരാണ്. അവര്‍ക്ക് മഹാന്‍മാരുമായും സ്വലിഹീങ്ങളുമായും ബന്ധം കുറവാണ്. അപ്പോള്‍ വിശ്വാസത്തിന് ശക്തി കുറഞ്ഞു പോകുന്നു. ഈമാന്‍ ക്ഷയിക്കുമ്പോള്‍ ഇബ്‌ലീസ് കൊടി കുത്തി വാഴും. പിന്നെ അവന്റെ കളിയായിരിക്കും. ഇബ്‌ലീസ് മനുഷ്യരെ സദാ തെറ്റിലേക്കാണ് നയിക്കുന്നത്. തീര്‍ച്ചയായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ് എന്നല്ലേ വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞത്. മനുഷ്യ ശരീരത്തില്‍ രക്തമോടുന്ന എല്ലായിടങ്ങളിലും പിശാച് സഞ്ചരിക്കുമെന്ന് നബി(സ) പറഞ്ഞതും ഓര്‍ക്കുക. അവനെ പരാജയപ്പെടുത്താന്‍ നമുക്ക് കഴിയണം. അതിനെന്താ വേണ്ടത്. ഖുര്‍ആന്‍ പറഞ്ഞത് പോലെ, സ്വാദിഖീങ്ങളുടെ കൂടെയാവണം.

നന്നാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണ് വിശുദ്ധ റമസാന്‍. പരമകാരുണികനായ അല്ലാഹു റമസാനില്‍ പിശാച് വര്‍ഗത്തെ കെട്ടിയിട്ട് നന്നാവണമെന്നാഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കിത്തന്നിരിക്കുകയാണ്. നബി(സ) പറഞ്ഞു: റമസാന്‍ ആദ്യ രാത്രിയായിക്കഴിഞ്ഞാല്‍ ജിന്നുകളിലെ അതിക്രമകാരികളെയും പിശാചുക്കളെയും അല്ലാഹു ബന്ധിക്കുന്നതും നരക കവാടങ്ങള്‍ അടക്കുന്നതും സ്വര്‍ഗീയ കവാടങ്ങള്‍ ഈ മാസത്തിലുടനീളം തുറന്നിടുന്നതുമായിരിക്കും. അതുകൊണ്ട് ഈ റമസാനില്‍ കാര്യമായി പണിയെടുക്കുക. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ച് കൊണ്ട് പകല്‍ നോമ്പനുഷ്ഠിക്കുകയും രാത്രി ആരാധനകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.

(തയ്യാറാക്കിയത്: സി എം എ ഹകീം)

---- facebook comment plugin here -----

Latest