Gulf
വേതനം നല്‍കാന്‍ കാലതാമസം; 164 കമ്പനികള്‍ക്കെതിരെ നടപടി

അബുദാബി: തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കാലതാമസം വരുത്തിയ 164 കമ്പനികളുടെ കേസ് പ്രോസിക്യൂഷന് കൈമാറി. രണ്ടുമാസത്തിലധികം ശമ്പളം കുടിശികയാക്കിയ കമ്പനികളാണ് നിയമനടപടികള്‍ നേരിടേണ്ടി വരിക. മാനവവിഭവശേഷി സ്വദേശിവല്‍കരണ മന്ത്രാലയത്തിനു കീഴിലുള്ള മനുഷ്യക്കടത്ത് പ്രതിരോധ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ ഫയല്‍ പ്രോസിക്യൂഷന് കൈമാറിയതു സംബന്ധിച്ചുള്ള വിശദാംശങ്ങളുള്ളത്.
വേതനം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികളുടെ തിരിച്ചുപോക്കടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി 2.7 കോടി ദിര്‍ഹം കഴിഞ്ഞവര്‍ഷം സമിതി ചെലവിട്ടതായി അധികൃതര്‍ സൂചിപ്പിച്ചു. തൊഴിലാളികളുടെ വിസാ അപേക്ഷകള്‍ നല്‍കിയ സമയത്ത് അടച്ച ബാങ്ക്‌സുരക്ഷാ തുകയാണ് ഇതിനായി വിനിയോഗിച്ചത്. തൊഴിലാളികള്‍ക്ക് രണ്ടു മാസത്തിലധികം വേതനം വൈകാന്‍ പാടില്ലെന്നാണ് യുഎഇയിലെ നിയമം. രണ്ടുമാസം ശമ്പളം കിട്ടാത്ത തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുമതി കൂടാതെ തന്നെ അനുയോജ്യമായ സ്ഥാപനങ്ങളിലേക്ക് അധികൃതര്‍ വിസാ മാറ്റം നല്‍കും. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ സ്ഥിതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അരലക്ഷത്തിലധികം പരിശോധനകള്‍ പോയ വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായി 2013ലാണ് യുഎഇയില്‍ ദേശീയസമിതി നിലവില്‍ വന്നത്. ഇതിനുശേഷം ഇരകളായ ആളുകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി 663,206 ദിര്‍ഹം ചെലവഴിച്ചു.