വര്‍ഷാവസാനത്തോടെ മുഴുവന്‍ ടാക്‌സികളിലും 6,500 ദുബൈ ടാക്‌സികളില്‍ നിരീക്ഷണ ക്യാമറ

Posted on: May 21, 2018 8:30 pm | Last updated: May 21, 2018 at 8:30 pm

ദുബൈ: എമിറേറ്റില്‍ 10,221 ടാക്‌സികളില്‍ 6,500ലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചു. ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സിക്ക് കീഴിലുള്ള ടാക്‌സികളാണിത്. ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ടാക്‌സികളിലും ക്യാമറകള്‍ ഘടിപ്പിക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി ട്രാന്‍സ്‌പോര്‍ടേഷന്‍ സിസ്റ്റം ഡയറക്ടര്‍ ആദില്‍ ശാക്കിരി പറഞ്ഞു.

പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടാക്‌സികളില്‍ നിരീക്ഷണ ക്യാമറകള്‍. ഇതിലൂടെ അധികൃതര്‍ക്ക് യാത്രക്കാരോട് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള പെരുമാറ്റവും ഡ്രൈവിംഗ് മര്യാദകളും നിരീക്ഷിക്കാനാകും. യാത്രക്കാരുടെ സാധന സാമഗ്രികള്‍ ടാക്‌സികളില്‍ മറന്നുവെച്ചാലും യാത്രക്കാരുടെ മറ്റു പരാതികള്‍ തീര്‍പാക്കാനും നിരീക്ഷണ ക്യാമറ ഉപകാരപ്പെടും.

ജനസന്തുഷ്ടിയും സ്മാര്‍ട് സിറ്റി ഡ്രൈവും ഉറപ്പുവരുത്തുകയാണ് ആര്‍ ടി എ ലക്ഷ്യം. യാത്രക്കാരുടെ സംതൃപ്തിക്ക് പൊതുഗതാഗത സേവന രംഗത്ത് നൂതന സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ആദില്‍ ശാക്കിരി കൂട്ടിച്ചേര്‍ത്തു.