ചെങ്ങന്നൂരില്‍ വോട്ട് തേടി പിണക്കം മറന്ന് യു ഡി എഫുകാര്‍ പാലായില്‍

Posted on: May 21, 2018 8:05 pm | Last updated: May 21, 2018 at 10:55 pm

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് പിന്തുണ അഭ്യാര്‍ഥിച്ച് യു ഡി എഫ് നേതാക്കള്‍ പാലായില്‍ മാണിയുടെ വീട്ടിലെത്തി. യൂ ഡി എഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എം പി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍ എന്നിവരാണ് മാണിയുടെ വസതിയിലെത്തിയത്.

നാളെ കേരളാകോണ്‍ഗ്രസ് എം ഉപസമിതി യോഗം ചേരാനിരിക്കയാണ് യു ഡി എഫ് നേതാക്കളുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. ചെങ്ങന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് കെ എം മാണിയുടെ പിന്തുണ അനിവാര്യമാണെന്നും യുഡിഎഫിലേക്ക് മാണി മടങ്ങിവരണമെന്നും നേതാക്കള്‍ മാണിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസ് ആണെന്നും നാളെ ചര്‍ച്ച ചെയ്യുമെന്നും മാണി മറുപടി നല്‍കിയതായും യു ഡി എഫ് നേതാക്കള്‍ മാധ്യമങ്ങളോട് അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച രാവിലെ പാലായില്‍ ഉപസമിതി യോഗം കൂടുമെന്നും തീരുമാനം അതിലുണ്ടാകുമെന്നും കെ എം മാണി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.