ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനുകളില്‍ സസ്യാഹാരംമാത്രം വിതരണം ചെയ്യുന്ന പദ്ധതിക്ക് റെയില്‍വെ ഒരുങ്ങുന്നു

Posted on: May 21, 2018 11:55 am | Last updated: May 21, 2018 at 12:58 pm

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ ട്രെയിനുകളില്‍ സസ്യാഹാരം മാത്രം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഗാന്ധിജിയുടെ 150-ാം ജന്‍മദിനത്തോടനുബന്ധിച്ചാണ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് ട്രെയിനുകളെ മാംസാഹാരമുക്തമാക്കുന്നത്. 2018മുതല്‍ 2020വരെയുള്ള വര്‍ഷങ്ങളില്‍ ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് റെയില്‍വെയിലെ എല്ലാ ജീവനക്കാരും ഉറപ്പുവരുത്തണമെന്ന് റെയില്‍വെ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

റെയില്‍വെ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വദിനത്തിന് പുറമെ വെജിറ്റേറിയന്‍ ദിനമായും ആഘോഷിക്കും. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റ് , ശുചിത്വ സന്ദേശവുമായി ട്രെയിന്‍ സര്‍വീസ് തുടങ്ങിയ പദ്ധതികളും സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്.