നിപ്പ വൈറസിന്റെ ഉറവിടം കിണര്‍ വെള്ളം; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി

Posted on: May 21, 2018 11:59 am | Last updated: May 21, 2018 at 5:26 pm

കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ നിപ്പ വൈറസ് പകര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നെന്ന് ആകാമെന്ന് നിഗമനം. പനി ബാധിച്ച് മരിച്ച ആളുടെ വീട്ടിലെ കിണറ്റില്‍ നിന്ന് വവ്വാലുകളെ കണ്ടെത്തിയതായി മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു.

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറസ് സ്റ്റഡീസില്‍നിന്നുള്ള ഡോ.അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇന്നലെ നടത്തിയ പരിശോധനയിലാണ് വവ്വാലുകളെ കണ്ടെത്തിയത്. വവ്വാലുകള്‍ പുറത്ത് പോകാതിരിക്കാന്‍ കിണര്‍ മൂടിയതായും കിണറ്റിലുള്ള വവ്വാലുകളെ ജീവനോടെ പിടിച്ച് പരിശോധനക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.

പന്തിരിക്കര സൂപ്പിക്കടയില്‍ വളച്ചുകെട്ടിയില്‍ മൂസയുടെ മക്കളായ സാബിത്ത്(23), സ്വാലിഹ്(26) ഇവരുടെ പിതൃസഹോദരനായ വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം (51) എന്നിവരാണ് നിപ്പ വൈറസ് ബാധിച്ച് മരിച്ചത്.