പുതിയ മെഡി. കോളജുകള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമം തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി

Posted on: May 21, 2018 6:03 am | Last updated: May 21, 2018 at 12:06 am
SHARE

കൊച്ചി: ഇടുക്കി, വയനാട്, പാരിപ്പള്ളി മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഊര്‍ജിത ശ്രമം നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച അത്യാധുനിക സി ടി സ്‌കാന്‍ മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുമ്പോള്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. ഇതിനാവശ്യമായ പണം കണ്ടെത്തണം. മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിന് നല്‍കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീരിക്കാന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജീവനക്കാരുടെ റെഗുലറൈസേഷന്‍ അടക്കം ഓരോന്നും ഘട്ടമായി ചെയ്തുവരുന്നു. മറ്റു ജീവനക്കാരുടെ കാര്യത്തില്‍ ആര്‍ക്കും വിഷമമില്ലാത്ത വിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയില്‍ 4200 ലേറെ പുതിയ തസ്തികകളാണ് രണ്ട് വര്‍ഷത്തിനിടെ സൃഷ്ടിച്ചത്. കൊച്ചി മെഡിക്കല്‍ കോളജിന് 119 തസ്തികളാണ് അനുവദിച്ചത്. 25 വര്‍ഷത്തിന് ശേഷമാണ് ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും സ്വന്തമായി സി ടി സ്‌കാന്‍ ഇല്ലാത്ത ഘട്ടത്തിലാണ് ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ച് കോടിയും ആരോഗ്യ വകുപ്പില്‍ നിന്ന് 31.6 ലക്ഷം രൂപയും ലഭ്യമാക്കി, അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സി ടി സ്‌കാന്‍ മെഷീന്‍ സ്ഥാപിച്ചത്. സാധാരണക്കാര്‍ക്ക് സ്‌കാനിംഗ് മെഷീന്റെ പ്രയോജനം വേണ്ട രീതിയില്‍ ലഭിക്കുന്നതിന് ജീവനക്കാരുടെ എല്ലാ സഹകരണവുമുണ്ടാകണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ പറഞ്ഞു. വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ. ശ്രീകല, മുന്‍ എം എല്‍ എ. എം എ യൂസഫ് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here