മാരിടൈം ബോര്‍ഡ് രൂപവത്കരണത്തിന് തുടര്‍ നടപടികളില്ല

Posted on: May 21, 2018 6:01 am | Last updated: May 21, 2018 at 12:04 am

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള മാരിടൈം ബോര്‍ഡ് രൂപവത്കരണത്തില്‍ തുടര്‍ നടപടികളായില്ല. തുറമുഖ വകുപ്പിന്റെ അനാസ്ഥയാണ് മാരിടൈം ബോര്‍ഡിന്റെ രൂപവത്കരണത്തിന് തിരിച്ചടിയായത്. മാരിടൈം നിയമത്തിന്റെ ചട്ടം രൂപവ്തകരിച്ച് വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുറമുഖ വകുപ്പ് പാലിച്ചിട്ടില്ല.

മത്സ്യബന്ധന തുറമുഖ സെക്രട്ടറിമാര്‍, ധനകാര്യ സെക്രട്ടറി, നിയമ സെക്രട്ടറി, സംസ്ഥാന സര്‍ക്കാറിന്റെ നാല് പ്രതിനിധികള്‍, നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഒരോ പ്രതിനിധി, വിഴിഞ്ഞം പോര്‍ട്ട് സി ഇ ഒ എന്നിവര്‍ മാരിടൈം ബോര്‍ഡില്‍ അംഗങ്ങളായിരിക്കും. എന്നാല്‍ നിയമത്തിന് ചട്ടം രൂപവത്കരിച്ച് വിജ്ഞാപനം ഇറക്കിയാലോ മാരിടൈം ബോര്‍ഡ് യാഥാര്‍ഥ്യമാകൂ. ഇതിനായി ഫയല്‍ തുറമുഖ വകുപ്പിന് കൈമാറിയെങ്കിലും തുടര്‍നടപടികളൊന്നും സ്വീകിരച്ചിട്ടില്ല. മുഖ്യന്ത്രിയുെട ഓഫീസ് നിരവധി തവണ വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടും തുറമുഖ വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടില്ല. ഇതോടെ മാരിടൈം ബോര്‍ഡ് രൂപവത്കരണം ചുവപ്പുനാടയില്‍ കുരുങ്ങി.

മത്സ്യബന്ധന തുറമുഖങ്ങള്‍ ഒഴികെയുള്ള ചെറു തുറമുഖങ്ങളുടെ ഭരണവും നിയന്ത്രണവും മാരിടൈം ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാന്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നത്. തുറമുഖങ്ങളുടെ നിര്‍മാണം, കരാറുകളുടെ നിരക്ക് തീരുമാനിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും മാരിടൈം ബോര്‍ഡിന്റെ കീഴിലേക്ക് മാറ്റും. ആഗസ്ത് 23ന് നിയമസഭ പാസാക്കിയ ബില്‍ സെപ്തംബര്‍ 16ന് ഗവര്‍ണര്‍ ഒപ്പിടുകയും സര്‍ക്കാര്‍ ചെയര്‍മാനെ നിശ്ചയിക്കുകയും ചെയ്തിരുന്നു.