‘അമ്മക്ക് സുഖമില്ല, പരോള്‍ അനുവദിക്കണം’; ആഭ്യന്തര സെക്രട്ടറിക്ക് പിണറായിയുടെ കത്ത്

Posted on: May 20, 2018 4:07 pm | Last updated: May 20, 2018 at 4:07 pm

കണ്ണൂര്‍: അമ്മയുടെ ചികിത്സക്ക് വേണ്ടി തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണം. പിണറായി വിജയന്‍ സെക്രട്ടറിക്ക് എഴുതിയ കത്തിലെ വാചകമാണിവ. പക്ഷേ, കത്തെഴുതിയത് ഇപ്പൊഴല്ലെന്ന് മാത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ 1976 നവംബര്‍ ഒമ്പതിന് എഴുതിയ കത്തിലാണ് അന്നത്തെ കൂത്തുപറമ്പ് എംഎല്‍എആയിരുന്ന പിണറായി വിജയന്‍ ഇങ്ങനെ എഴുതിയത്.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശനത്തില്‍ ജയില്‍വകുപ്പിന്റെ പവലിയനില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുനിയമപ്രകാരമാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1975 സെപ്തംബര്‍ 28ന് രാത്രി വീട്ടിലെത്തിയാണ് പോലീസ് പിണറായിയെ കസ്റ്റഡിയിലെടുത്തത്. എം.എല്‍.എയെന്നോ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ ഉള്ള പരിഗണനകള്‍ നല്‍കാതെ കൊടുംകുറ്റവാളികളോടെന്ന പോലെ പോലീസ് പിണറായിയോട് പെരുമാറി. ഇത് വലിയ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പ്രതിപക്ഷ എം.എല്‍.എമാരും തമ്മില്‍ നിയമസഭയില്‍ വലിയ വാഗ്വാദത്തിനും ഈ സംഭവം വഴിമരുന്നിട്ടു.

കസ്റ്റഡിയില്‍ തന്നെ ഉടുതുണി പോലും ഉരിഞ്ഞ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിവരിച്ചിരുന്നു.