Connect with us

National

ബിജെപിക്കും വാജുഭായി വാലക്കും 'നന്ദി'യറിയിച്ച് ഷാഫി പറമ്പില്‍

Published

|

Last Updated

പാലക്കാട്: കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ക്ക് ബിജെപിയോടും ഗവര്‍ണര്‍ വാജുഭായി വാലയോടും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. ജനാധിപത്യത്തിന്റെ തിരിച്ച് വരവിന് നവോന്മേഷം പകര്‍ന്നതിന്. കോണ്‍ഗ്രസ്സിനും ജെ.ഡി.എസ്സിനും ഒരുമിച്ച് നില്‍ക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയതിന്. മമതയേയും മായാവതിയേയും ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കിയതിന്.. ജനാധിപത്യത്തിന്റെ കഴുത്തില്‍ തൂക്ക് കയറ് വീഴുമ്പോ രക്ഷാപ്രവര്‍ത്തനത്തിനിയും പരമോന്നത നീതിപീഠം രാജ്യത്തോടൊപ്പം ഉറക്കമൊഴിച്ച് ഉണര്‍ന്നിരിക്കുമെന്ന് ആത്മവിശ്വാസം തന്നതിന്.. ഫാസിസ്റ്റ് കാലം രാജ്യമാകെ ഇരുട്ടിലാക്കാന്‍ നോക്കുമ്പൊ പോരാട്ടത്തിന്റെ പ്രതീകമാവാന്‍ കോണ്‍ഗ്രസ്സുണ്ടെന്ന് ഉറക്കെ വിളിച്ച് പറഞ്ഞതിന്.. തുടങ്ങി ഒത്തിരി കാര്യങ്ങള്‍ക്ക് ബിജെപിയോടും ഗവര്‍ണറോടും നന്ദി അറിയിക്കുന്നതായി ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൂടാതെ,കോണ്‍ഗ്രസ് പാര്‍ട്ടിക്കും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുലാം നബി ആസാദിനോടും അശോക് ഗഹ് ലോട്ടിനോടും ഷാഫി നന്ദി പറയുന്നു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…..

നന്ദി…
ബി.ജെ.പി യോടും വാജു ബായി വാലയോടും.. ഒത്തിരി കാര്യങ്ങള്‍ക്ക്..
ജനാധിപത്യത്തിന്റെ തിരിച്ച് വരവിന് നവോന്മേഷം പകര്‍ന്നതിന്..
കോണ്‍ഗ്രസ്സിനും ജെ.ഡി.എസ്സിനും ഒരുമിച്ച് നില്‍ക്കാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയതിന്.
മമതയേയും മായവതിയേയും ഈ മുന്നേറ്റത്തിന്റെ ഭാഗമാക്കിയതിന്..
അഖിലേഷും യെച്ചൂരിയും തേജ്വസി യാദവും ശരത് പവാറും എന്തിന് ചന്ദ്രബാബു നായിഡുവും ചന്ദ്രശേഖര്‍ റാവു പോലും അണി നിരന്നേക്കാവുന്ന വിശാലമായ ഒരു മുന്നണിയുടെ സാധ്യതകളെ പറ്റി സ്ഫടിക സമാനമായ രാഷ്ട്രീയ വ്യക്തത നല്‍കിയതിന്..
ജനാധിപത്യത്തിന്റെ കഴുത്തില്‍ തൂക്ക് കയറ് വീഴുമ്പോ രക്ഷാപ്രവര്‍ത്തനത്തിനിയും പരമോന്നത നീതിപീഠം രാജ്യത്തോടൊപ്പം ഉറക്കമൊഴിച്ച് ഉണര്‍ന്നിരിക്കുമെന്ന് ആത്മവിശ്വാസം തന്നതിന്..
പണത്തിനും അധികാരത്തിനും മീതെ ജനാഭിലാഷങ്ങള്‍ക്ക് പറക്കാനിനിയും ആകാശത്തിലിടമുണ്ടെന്ന് ബോധ്യപ്പെടുത്തിയതിന്..

നന്ദി… എന്റെ പാര്‍ട്ടിയോട്.. കോണ്‍ഗ്രസ്സിനോട്.. ഫാസിസ്റ്റ് കാലം രാജ്യമാകെ ഇരുട്ടിലാക്കാന്‍ നോക്കുമ്പൊ പോരാട്ടത്തിന്റെ പ്രതീകമാവാന്‍ കോണ്‍ഗ്രസ്സുണ്ടെന്ന് ഉറക്കെ വിളിച്ച് പറഞ്ഞതിന്… ഭയപ്പെടേണ്ട നാളെ നമ്മുടേത് തന്നെയാണെന്നുറപ്പിച്ച ചടുലമായ ഇടപെടലുകളോട്..

നന്ദി..രാഹുല്‍ ഗാന്ധിയോട് ..
ഭരണത്തിന്റെ ആലസ്യത്തില്‍ വീണ് പോകാതെ കര്‍ണ്ണാടകയിലെ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനേയും ഒരുമിച്ച് നിര്‍ത്തിയ ഊര്‍ജ്ജ പ്രവാഹമായി മാസങ്ങളോളം നീണ്ട അദ്ധ്വാനത്തിലൂടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയതിന്..ഒരുമിച്ച് നിര്‍ത്തിയതിന്..

സോണിയ ഗാന്ധിയോട്.. രാജ്യത്തിനു വേണ്ടി ചിതറിയ പ്രിയപ്പെട്ടവന്റെ ഓര്‍മ്മ നല്‍കിയ കരുത്തില്‍ അടിയന്തിരമായി നടത്തിയ ഇടപെടലുകള്‍ക്ക്.. ഐ.സി.യു വിലായ ജനാധിപത്യത്തിന് അധികാരത്തിന്റെ പദവിയേക്കാള്‍ ഐക്യത്തിന്റെ കരുത്താണാവശ്യമെന്നറിഞ്ഞ സമയബന്ധിതമായ തീരുമാനങ്ങള്‍ക്ക്..

ഗുലാം നബി ആസാദിനോടും അശോക് ഗഹ് ലോട്ടിനോടും..
പ്രതിസന്ധിയുടെ നടുവിലേക്ക് പറന്നിറങ്ങിയതിനും അവസാനത്തെ ചിരി കോണ്‍ഗ്രസ്സിന്റേതും രാജ്യത്തെ മതേതര ശക്തികളുടേതുമാണെന്ന് ഉറപ്പ് വരുത്തിയതിനും..

സിദ്ധരാമയ്യോട്… ജനപക്ഷത്ത് ഉറച്ച് നിന്നതിന്.. ഫാസിസ്റ്റുകളോട് നടത്തിയ സന്ധിയില്ലാത്ത പോരാട്ടത്തിന്. ഉരളക്കുപ്പേരി പോലെ കൊടുത്തിരുന്ന മറുപടികള്‍ക്ക്.. ഭരണവിരുദ്ധ വികാരത്തിനിട കൊടുക്കാത്ത ജാഗ്രതയോട്.

ഡികെ : ബി.ജെ.പിയുടെ പണത്തിന്റെയും അധികാരത്തിന്റേയും പ്രലോഭനങ്ങളും തീ തുപ്പിയപ്പോള്‍ ഒരു വന്മതിലായി ആ അതിക്രമങ്ങളെ നെഞ്ച് വിരിച്ച് നിന്ന് നേരിട്ടതിന്.. അമിത് ഷായുടെ വേലത്തരങ്ങള്‍ ഏശാത്ത കോട്ടയായി കര്‍ണ്ണാടകത്തെ കാത്തതിന്..

അഭിമാനത്തോടെ നമ്മുടെ സ്വന്തം കെ.സി യോടും പി.സി.യോടും…

രാഹുല്‍ ഗാന്ധി വിശ്വസിച്ചേല്‍പിച്ച ഉത്തരവാദിത്തം ഓരോ നിമിഷത്തിലും സ്വയം ഓര്‍ത്തും ഓര്‍മ്മിപ്പിച്ചും ഒരു വര്‍ഷത്തോളമായി ചോര നീരാക്കി നടത്തുന്ന കഠിനാധ്വാനത്തിന്..
പല കഷ്ണങ്ങളായിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കിയതിനും ഒരുമിച്ച് നിര്‍ത്തിയതിനും
നമുക്കഭിമാനത്തോടെ പറയാം ഈ നേട്ടത്തിനു പിന്നില്‍ നമ്മുടെ കെ.സി യുടേയും പി.സി യുടേയും പങ്കോര്‍ത്ത്.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തങ്ങള്‍ ക്രോഡീകരിക്കാന്‍ മുഴുവന്‍ സമയവും നീക്കി വെച്ച ജെബി മേത്തര്‍ക്കും അഭിനന്ദനങ്ങള്‍

Latest