Connect with us

Kerala

മുസ്‌ലിം സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മുസ്‌ലിം സമുദായ സംഘടനാ പ്രതിനിധികളുമായി കോഴിക്കോട്ട് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന്‌

കോഴിക്കോട്: മുസ്‌ലിം സമുദായ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്നു. ഇടതുപക്ഷ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമാണിതെന്ന് യോഗത്തിന് ശേഷം മന്ത്രി ഡോ. കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് കൊച്ചിയില്‍ ക്രൈസ്തവ സമുദായ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇത്തരത്തില്‍ യോഗം വിളിച്ചതിന് എല്ലാ സംഘടനാ നേതാക്കളും മുഖ്യമന്ത്രിയെ അഭിനന്ദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കുന്നത് അവര്‍ക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും മന്ത്രി ജലീല്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അനാഥാലയങ്ങളുടെ നടത്തിപ്പുമായും വഖ്ഫ് സ്വത്തുകള്‍ സംബന്ധിച്ചുമുള്ള പ്രശ്‌നങ്ങളും വഖ്ഫ് ബോര്‍ഡിലെ പി എസ് സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളും വിവിധ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ വിഷയത്തിലും അനുഭാവപൂര്‍വമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടേത് ക്രിയാത്മക പ്രതികരണമായിരുന്നുവെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലബാറിലെ ഹയര്‍ എജ്യൂക്കേഷന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നടപടി സ്വാഗതാര്‍ഹമാണ്. വിമുക്ത ഭടന്മാര്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലയില്‍ ക്വാട്ട അനുവദിച്ചത് പോലെ തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിനുള്ള പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് സൈനുല്‍ ആബിദിന്‍ ബാഫഖി മലേഷ്യ, എന്‍ അലി അബ്ദുല്ല(മുസ്‌ലിം ജമാഅത്ത്), മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍(എസ് വൈ എസ്), അഡ്വ. പി ടി എ റഹീം എം എല്‍ എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പി കെ ദിലീപ്കുമാര്‍, ഡയറക്ടര്‍ ഡോ. എ ബി മൊയ്തീന്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡോ. ഹുസൈന്‍ രണ്ടത്താണി, പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഫൈസി സംബന്ധിച്ചു.

Latest