യെദ്യൂരപ്പ നേരിട്ട് വിലപേശി

Posted on: May 20, 2018 11:57 am | Last updated: May 20, 2018 at 11:57 am

ബെംഗളൂരു: കോണ്‍ഗ്രസ്- ജെ ഡി എസ്. എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന വാദത്തിന് ബലം പകര്‍ന്ന് കൂടുതല്‍ ഓഡിയോ ക്ലിപ്പുകള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടു. ഇത്തവണ യെദ്യൂരപ്പയുടേത് എന്നവകാശപ്പെടുന്ന ഓഡിയോ ആണ് പുറത്തായിരിക്കുന്നത്. ബി സി പാട്ടീല്‍ എം എല്‍ എക്ക് യെദ്യൂരപ്പ ഫോണില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നതാണ് ഈ സംഭാഷണം. കൊച്ചിയിലേക്ക് പോകരുതെന്നും തിരികെ വരാനും യെദ്യൂരപ്പ ആവശ്യപ്പെടുന്നു. യെദ്യൂരപ്പ- ബി സി പാട്ടീല്‍ ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ബി സി പാട്ടീല്‍: ഹലോ.. ഹലോ.. അദ്ദേഹത്തിന് ഫോണ്‍ കൊടുക്കൂ (വിളിച്ച ആളോട് ഫോണ്‍ കൈമാറാന്‍ നിര്‍ദേശം)
യെദ്യൂരപ്പ: ഹലോ
ബി സി പാട്ടീല്‍: അണ്ണാ നമസ്‌ക്കാരം, അഭിനന്ദനങ്ങള്‍
യെദ്യൂരപ്പ: നിങ്ങളിപ്പോള്‍ എവിടെയാണ്?
ബി സി പാട്ടീല്‍: ബസില്‍ കൊച്ചിയിലേക്ക് പോകുന്നു
യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. തിരിച്ച് വരൂ. തിരികെ വന്നാല്‍ നിങ്ങളെ ഞങ്ങള്‍ മന്ത്രിയാക്കാം. മാത്രമല്ല നിങ്ങള്‍ക്ക് ആവശ്യമുള്ള സഹായമെല്ലാം നല്‍കാം.
ബി സി പാട്ടീല്‍: അണ്ണാ ഓ കെ.
യെദ്യൂരപ്പ: ഞാനിങ്ങനെ ചെയ്യാനുള്ള കാരണം ഇതാണ് ശരിയായ സമയം എന്നുള്ളത് കൊണ്ടാണ്. എന്തായാലും ഇപ്പോള്‍ കൊച്ചിയിലേക്ക് പോകാതെ തിരിച്ച് വരൂ.
ബി സി പാട്ടീല്‍: പക്ഷേ ഞങ്ങളിപ്പോള്‍ ബസിലാണ്.
യെദ്യൂരപ്പ: പോകരുത്, എന്തെങ്കിലും ഒഴിവ് കഴിവുകള്‍ പറഞ്ഞ് തിരികെ വരൂ.
ബി സി പാട്ടീല്‍: വന്നാല്‍ എന്താണ് എനിക്ക് ലഭിക്കുന്ന സ്ഥാനം?
യെദ്യൂരപ്പ: നിങ്ങളെ മന്ത്രിയാക്കാം.
ബി സി പാട്ടീല്‍: അണ്ണാ എനിക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്.
യെദ്യൂരപ്പ: അവരെക്കൂടെ ഒപ്പം കൊണ്ടുവരൂ. നിങ്ങള്‍ക്കെന്നെ വിശ്വാസമില്ലേ?
ബി സി പാട്ടീല്‍: തീര്‍ച്ചയായും.
യെദ്യൂരപ്പ: ഇപ്പോള്‍ തന്നെ തിരിച്ച് വരൂ. ആ ബസില്‍ പോകരുത്.
ബി സി പാട്ടീല്‍: ശരി അണ്ണാ ശരി.
യെദ്യൂരപ്പ: നിങ്ങള്‍ കൊച്ചിയില്‍ എത്തിയാല്‍ കാര്യങ്ങള്‍ കുഴയും. പിന്നെ നിങ്ങളെ ബന്ധപ്പെടാന്‍ സാധിച്ചെന്ന് വരില്ല.
ബി സി പാട്ടീല്‍: ഓ കെ അണ്ണാ ഓ കെ.