Connect with us

National

ട്രബ്ള്‍ ഷൂട്ടര്‍ 'ഡി കെ'

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തിലെ ട്രബ്ള്‍ ഷൂട്ടറായി കോണ്‍ഗ്രസ് നേതാവ് 56കാരനായ ഡി കെ ശിവകുമാര്‍. കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ മറുകണ്ടം ചാടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത് ശിവകുമാറിന്റെ ജാഗ്രതയും കര്‍മപദ്ധതിയും തന്ത്രങ്ങളുമാണ്. തിരഞ്ഞെടുപ്പ് കാലയളവിലെ പ്രതിസന്ധികളില്‍ അത്താണിയാകുന്നത് ഡി കെ ശിവകുമാര്‍ തന്നെയാണ്. എച്ച് ഡി ദേവഗൗഡ കുടുംബവുമായി ഏറെ കാലത്തെ ശത്രുതയിലായിരുന്ന ഡി കെയുടെ ചാണക്യതന്ത്രങ്ങളാണ് ദേവഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി കസേര ഭദ്രമാക്കിയത്.

കുമാരസ്വാമി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദളിത് നേതാവ് കൂടിയായ കെ പി സി സി പ്രസിഡന്റ് ജി പരമേശ്വരയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി സ്ഥാനമായിരിക്കും ഡി കെ സ്വീകരിക്കുക. മുന്‍ മന്ത്രിയായിരുന്ന സി പി യോഗേശ്വര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയിലേക്ക് പോയതോടെയാണ് ഡി കെയും കുമാരസ്വാമിയും അടുത്തത്. യോഗേശ്വറിനെ പരാജയപ്പെടുത്താന്‍ ഇരുവരും കൈകോര്‍ക്കുകയായിരുന്നു. രാംനഗര്‍ ജില്ലക്കടുത്ത കനകാപുര മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ ഈ കോണ്‍ഗ്രസ് കരുത്തന്‍, പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോഴെല്ലാം രക്ഷക്കെത്താറുണ്ട്. 2002ല്‍ മഹാരാഷ്ട്രയില്‍ വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ചാ ഭീഷണി നേരിട്ടപ്പോള്‍ എം എല്‍ എമാരെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് അയച്ചു. അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണ, എം എല്‍ എമാരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള ദൗത്യം ഡി കെ ശിവകുമാറിനെയാണ് ഏല്‍പ്പിച്ചത്. ബെംഗളൂരുവിന് സമീപമുള്ള ഈഗ്ള്‍ടണ്‍ റിസോര്‍ട്ടില്‍ ഒരാഴ്ചയാണ് എം എല്‍ എമാരെ സുരക്ഷിതരായി ഡി കെ പാര്‍പ്പിച്ചത്. വിശ്വാസവോട്ടെടുപ്പ് ദിവസം എം എല്‍ എമാരെ മഹാരാഷ്ട്രയിലെത്തിക്കുകയും വിലാസ്‌റാവു സര്‍ക്കാര്‍, സഭയുടെ വിശ്വാസം നേടുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റില്‍ എ ഐ സി സി നേതാവ് അഹ്മദ് പട്ടേല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി ഗുജറാത്ത് നിയമസഭയില്‍ നിന്ന് മത്സരിക്കുന്ന സമയത്ത് കുതിരക്കച്ചവടം ഒഴിവാക്കാന്‍ എം എല്‍ എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചത് ഡി കെയുടെ നേതൃത്വത്തിലായിരുന്നു.

തന്നെ വിശ്വസിപ്പിച്ചേല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റിയതിന് അദ്ദേഹത്തിനെതിരെ ആദായനികുതി റെയ്ഡ് ഭീഷണിയാണ് കേന്ദ്രം മുഴക്കിയത്. ആദായനികുതി വകുപ്പ് റെയ്ഡ് പരമ്പര തന്നെ ഡി കെയുടെ വസതിയിലും ഓഫീസിലും മറ്റുമായി നടത്തി. രാഷ്ട്രീയക്കാരന്‍ എന്നതിന് പുറമെ വ്യവസായിയും കൂടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്, ഗ്രാനൈറ്റ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയവയാണ് വ്യവസായ മേഖലകള്‍. 618 കോടിയുടെ സ്വത്തിനുടമയാണ്. അഞ്ച് തവണ എം എല്‍ എയായ ഡി കെയായിരിക്കും കോണ്‍ഗ്രസില്‍ നിന്ന് അടുത്തുതന്നെ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. യുവാവായിരിക്കെ 1989ല്‍ സതനൂര്‍ മണ്ഡലത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിലെ അതികായന്‍ ദേവഗൗഡയെ പരാജയപ്പെടുത്തിയാണ് സ്വന്തം ഇടം അടയാളപ്പെടുത്തിയത്. സ്വന്തം വിജയം മാത്രമല്ല, വിശ്വാസികളായ സഹപ്രവര്‍ത്തകരുടെ വിജയവും അദ്ദേഹം ഉറപ്പുവരുത്താറുണ്ട്. ഓള്‍ഡ് മൈസുരു മേഖലയിലെ വൊക്കലിഗ ബെല്‍റ്റില്‍ നിന്നുള്ളയാണ് കൂടിയാണ് ഡി കെ.

---- facebook comment plugin here -----

Latest