രാമനഗരയില്‍ നിന്ന് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിപദത്തിലേക്ക്

Posted on: May 20, 2018 11:49 am | Last updated: May 20, 2018 at 11:49 am

ബെംഗളൂരു: കിംഗ് മേക്കറല്ല കിംഗ് തന്നെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജനതാദള്‍- എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം രൂപവത്കരിച്ച് സര്‍ക്കാറുണ്ടാക്കാനുള്ള വഴിതുറന്നത്. സഖ്യ രൂപവത്കരണമെല്ലാം വളരെ പെട്ടെന്നായിരുന്നു.

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പുറമെ നിന്ന് സര്‍ക്കാറിനെ പിന്തുണക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്.
ബി ജെ പി അധികാരത്തില്‍ എത്തുന്നത് എങ്ങനെയും തടയണമെന്നായിരുന്നു സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കര്‍ണാടക നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം. ബി ജെ പിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോള്‍ തന്നെ കര്‍ണാടകയില്‍ കുമാരസ്വാമി കിംഗായി മാറുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി ജെ പിക്ക് സാധിക്കാതായതോടെയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് മന്ത്രിസഭയുണ്ടാക്കാനുള്ള കളമൊരുങ്ങിയത്.
മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചാണ് കുമാരസ്വാമി ഇത്തവണ നിയമസഭയിലെത്തിയത്. രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളില്‍ നിന്നാണ് വിജയിച്ചത്. സില്‍ക്കിന്റെ നാട് എന്ന് പേര് കേട്ട രാമനഗര മണ്ഡലമാണ് കുമാരസ്വാമിയുടെ സിറ്റിംഗ് സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മറിദേവരുവിനെ 25098 വോട്ടുകള്‍ക്കാണ് കുമാരസ്വാമി പരാജയപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രിയും ജെ ഡി എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ മകനാണ് 60കാരനായ കുമാരസ്വാമി.

കര്‍ണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായിരുന്നു.
2006 ഫെബ്രുവരി മുതല്‍ 2007 ഒക്ടോബര്‍ വരെയാണ് അദ്ദേഹം മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 1996ല്‍ കുമാരസ്വാമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. ബി എസ് യെദ്യൂരപ്പയാണ് കുമാരസ്വാമിക്ക് ശേഷം കര്‍ണാടക ഭരിച്ചത്.
ജെ ഡി എസിന് പൊതുവെ മേധാവിത്വമുള്ള മണ്ഡലമാണ് രാമനഗര. പാര്‍ട്ടിയിലെ അടിയൊഴുക്കുകള്‍ ഭയന്നാണ് മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ കുമാരസ്വാമി നിര്‍ബന്ധിതനായത്. ്‌