Connect with us

Kerala

കാലവര്‍ഷം നേരത്തെ എത്തും; കൂടുതല്‍ മഴ ലഭിക്കും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയായി ജൂണിലാരംഭിക്കുന്ന കാലവര്‍ഷം ഇത്തവണ നാല്ദിവസം മുമ്പ് ഈമാസം 29ന് തന്നെ ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒപ്പം ഈ വര്‍ഷം 97 ശതമാനം മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. മെട്രോളജി ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ മാസം 20ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എത്തുന്ന മണ്‍സൂണ്‍ മേഘം 23ന് ബംഗാള്‍ ഉള്‍ക്കടലിലേക്ക് കടക്കും. തുടര്‍ന്ന് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങിയ ശേഷം കേരള തീരത്തേക്കെത്തും. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 30 ശതമാനത്തില്‍ കുറവ് മഴയായിരുന്നു ലഭിച്ചിരുന്നത്. ശരാശരി 426.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തില്‍ ആകെ ലഭിച്ചത് 295.7 മില്ലിമീറ്റര്‍ മാത്രമാണ്. എന്നാല്‍ ഇത്തവണ നേരത്തെ എത്തുന്ന മണ്‍സൂണ്‍ മഴയില്‍ മറ്റ് വ്യതിയാനങ്ങളൊന്നുമുണ്ടാകില്ലെന്നും ഈ വര്‍ഷം 97 ശതമാനം മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക, തമിഴ്‌നാട്, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്ന് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ അതിശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലിലേക്ക് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Latest