Connect with us

Editorial

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസ്

Published

|

Last Updated

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ബി ജെ പിക്കുണ്ടായ ഏറ്റവും ദയനീയവും നാണംകെട്ടതുമായ പരാജയമാണ് കര്‍ണാടകയിലേത്. സംസ്ഥാനത്ത് മന്ത്രിസഭയുണ്ടാക്കാനുള്ള പാര്‍ട്ടിയുടെ എല്ലാ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബി എസ് യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നു. മന്ത്രിസഭ രൂപത്കരിക്കുന്നതിന് ആവശ്യമായ 111 അംഗങ്ങളെ തികക്കാനുള്ള ബി ജെ പി ശ്രമങ്ങളെ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റി ചെറുത്തതോടെയാണ് ഭൂരിപക്ഷം കണ്ടെത്താനാകാതെ വിശ്വാസ വോട്ടെടുപ്പിനു മുമ്പ് തന്നെ യെദ്യൂരപ്പ രാജി സമര്‍പ്പിച്ചത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് രാഷ്ട്രീയ ചാണക്യ തന്ത്രത്തില്‍ അദ്വിതീയനായ ബി ജെ പി അധ്യക്ഷന്‍ അമിത്ഷായും യെദ്യൂരപ്പയും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ വിശ്വസിച്ചിരുന്നതും ആവര്‍ത്തിച്ചു പറഞ്ഞിരുന്നതും. വിശ്വാസവോട്ടെടുപ്പിലേക്ക് അടുക്കുന്തോറും ആ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു. വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ രാജിവെച്ച് മുഖം രക്ഷിക്കാനുള്ള നിര്‍ദേശം അമിത്ഷാ തന്നെ യെദ്യൂരപ്പക്ക് നേരിട്ട് കൈമാറുകയായിരുന്നു. വോട്ടെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് കൂടുതല്‍ നാണക്കേടാകുമായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പിലൂടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കോണ്‍ഗ്രസ്, ജെ ഡി എസ് പാളയത്തില്‍ നിന്ന് എം എല്‍ എമാരെ ഒപ്പം നിര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി ജെ പി നേതൃത്വം നടത്തിയത്. ഒരു എം എല്‍ എക്ക് നൂറ് കോടി രൂപയും മന്ത്രിസ്ഥാനവും വരെ വാഗ്ദാനം ചെയ്തതായാണ് വാര്‍ത്ത. കോണ്‍ഗ്രസ് എം എല്‍ എയെ സ്വാധീനിക്കാന്‍ യെദ്യൂരപ്പ, കര്‍ണാടക ബി ജെ പി നേതാവ് ബി ശ്രീരാമലു, ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു തുടങ്ങിയവര്‍ നടത്തിയ നീക്കങ്ങളുടെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. ഹിരേകേരൂര്‍ എം എല്‍ എ. ബി സി പാട്ടീലിന് യെദ്യൂരപ്പ ക്യാബിനറ്റ് പദവിയും ശ്രീരാമലുവും മുരളീധര്‍ റാവുവും പണവും വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്. കൂറുമാറി വോട്ട് ചെയ്താലും നിങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കില്ലെന്നും അക്കാര്യം സ്പീക്കര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഓഡിയോയില്‍ ശ്രീരാമലു പറയുന്നുമുണ്ട്. കോണ്‍ഗ്രസ,് ജെ ഡി എസ് ക്യാമ്പുകളിലുള്ള ലിംഗായത്ത് അംഗങ്ങളിലായിരുന്നു ബി ജെ പി പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. ഇന്നലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന കോടതിയുടെ നിര്‍ദേശമുണ്ടായതിനു പിന്നാലെ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ തേടി യെദ്യൂരപ്പ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ “റാഞ്ചാന്‍ ” അവസരം നല്‍കാതെ കോണ്‍ഗ്രസ് തങ്ങളുടെ എം എല്‍ എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റി ബി ജെ പിയുടെ കരുനീക്കങ്ങളെ മറികടക്കുകയായിരുന്നു.
ആദ്യമായല്ല യെദ്യൂരപ്പക്ക് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജി വെക്കേണ്ടി വരുന്നത്. നാല് മന്ത്രിമാരോടൊപ്പം 2007 നവംബര്‍ 12ന് കര്‍ണാടകയില്‍ അധികാരമേറ്റ യെദ്യൂപ്പയുടെ നേതൃത്വത്തിലുള്ള ആദ്യ ബി ജെ പി സര്‍ക്കാറിനു ലഭിച്ചത് ഏഴ് ദിവസത്തെ ആയുസ്സ് മാത്രമാണ്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നവംബര്‍ 19നു വിശ്വാസപ്രമേയ ചര്‍ച്ചക്കിടെ അദ്ദേഹം രാജിവെക്കുകയായിരുന്നു.
മെയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും സര്‍ക്കാറുണ്ടാക്കാന്‍ വേണ്ട കേവല ഭൂരിപക്ഷമില്ലെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചടുല നീക്കങ്ങളാണ് അവിടെ ബി ജെ പിയുടെ അധികാര നഷ്ടത്തിനും ജെ ഡി എസ്- കോണ്‍ഗ്രസ് സര്‍ക്കാറിന് സാധ്യതയും സൃഷ്ടിച്ചത്. 104 സീറ്റ് നേടിയ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ 78 സീറ്റുള്ള കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചക്കായി 37 സീറ്റുള്ള ജെ ഡി എസുമായി പെട്ടെന്നു തന്നെ കൈകോര്‍ത്തു. ഒപ്പം ബി എസ് പി സ്വതന്ത്രന്‍, ഒരു കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരും ചേര്‍ന്നതോടെ 117 പേരുടെ പിന്തുണയായി. സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്–ജെ ഡി എസ് സഖ്യം ഗവര്‍ണറെ കണ്ടു അവകാശ വാദമുന്നയിക്കുകയും ചെയ്തു. പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബി ജെ പിയും അവകാശ വാദവുമായി രംഗത്തുവന്നപ്പോള്‍ മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ ഗവര്‍ണര്‍ സഭയിലെ ഭൂരിപക്ഷം പരിഗണിക്കാതെ ബി ജെ പി നേതാവ് യെദ്യൂരപ്പയെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. മാത്രമല്ല, വിശ്വാസ വോട്ടെടുപ്പിന് യെദ്യൂരപ്പക്ക് പതിനഞ്ച് ദിവസത്തെ സമയവും അനുവദിച്ചു. ഈ ദിവസങ്ങള്‍ക്കകം ഭൂരിപക്ഷത്തിനാവശ്യമായ എം എല്‍ എമാരെ ചാക്കിട്ടു പിടിക്കാമെന്നാണ് ബി ജെ പി നേതൃത്വവും ഗവര്‍ണറും വിശ്വസിച്ചത്.
ഒട്ടും വൈകാതെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ അഭയം പ്രാപിക്കുകയും വിശ്വാസ വോട്ടെടുപ്പിനുള്ള സമയം കോടതി ഒരു ദിവസമായി ചുരുക്കുകയും ചെയ്തതോടെ ബി ജെ പിയുടെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ നിരാശരാകേണ്ടി വന്നതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുക്കള്‍ നീക്കിയത്. ഇത് ഫലപ്രദമാവുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കര്‍ണാടകയിലെ ഈ രാഷ്ട്രീയ വിജയം അടുത്തു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര രൂപപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുകയും ദേശീയതലത്തില്‍ ബി ജെ പിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി പകരുകയും ചെയ്യും.

---- facebook comment plugin here -----

Latest