മോദി അഴിമതിക്കാരന്‍; ആഞ്ഞടിച്ച് രാഹുല്‍

Posted on: May 19, 2018 5:42 pm | Last updated: May 19, 2018 at 8:08 pm

ന്യൂഡല്‍ഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തത് മോദിയുടെ നിര്‍ദേശപ്രകാരമാണെന്ന് രാഹുല്‍ ആരോപിച്ചു. അഴിമതിക്കെതിരെ പോരാടുന്നുവെന്ന് മോദി പറയുന്നത് വെറും പൊള്ളയാണ്. മോദി അഴിമതി വളര്‍ത്തുകയാണ്. മോദി അഴിമതിക്കാരനാണെന്നും രാഹുല്‍ പറഞ്ഞു. യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ബിജെപി കര്‍ണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചു. ഇന്ത്യയിലെ ജനങ്ങളേക്കാള്‍ മുകളില്‍ അല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞു. ദേശീയ ഗാനത്തിനിടയിലെ ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനെയും രാഹുല്‍ വിമര്‍ശിച്ചു. ബിജെപി എംഎല്‍എമാരും സ്പീക്കറും ദേശീയ ഗാനത്തെ അപമാനിച്ചുവെന്നും ആര്‍എസ്എസും ബിജെപിയും ഭരണഘടനാ സ്ഥാപനങ്ങളോട് ഇതാണ് ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.