Connect with us

National

ഇന്ന് സഭയില്‍ നടക്കാനിടയുള്ളത്

Published

|

Last Updated

കര്‍ണാടക നിയമസഭയില്‍ ഇന്ന് നടക്കാനിടയുള്ള സംഭവങ്ങള്‍: രാവിലെ 11 മണിയോടെ എം എല്‍ എമാര്‍ നിയമസഭയിലെത്തും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പ്രോടേം സ്പീക്കര്‍ കെ ജി ബൊപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും.

സാധാരണ ഏത് അവിശ്വാസ വോട്ടെടുപ്പിന് മുമ്പും സ്പീക്കറുടെ തിരഞ്ഞെടുപ്പിന് പ്രൊടേം സ്പീക്കറാണ് മേല്‍നോട്ടം വഹിക്കുക. പക്ഷേ, കര്‍ണാടകയുടെ കാര്യത്തില്‍ വോട്ടെടുപ്പ് പ്രോടേം സ്പീക്കര്‍ നടത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. തുല്യസംഖ്യയിലെത്തിയാല്‍, യെദ്യൂരപ്പ സര്‍ക്കാറിന്റെ വിധി കുറിക്കുന്നതാകും സ്പീക്കറുടെ വോട്ട്.

നിലവില്‍ കോണ്‍ഗ്രസിന് 78 അംഗങ്ങളാണുള്ളത്. ജെ ഡി എസിന് 38ഉം (കുമാരസ്വാമി രണ്ടിടത്ത് ജയിച്ചതിനാല്‍ പ്രയോഗത്തില്‍ ഇത് 37 ആണ്). ബി ജെ പിക്ക് 104 അംഗങ്ങളുമുണ്ട്.

ഒരു സ്വതന്ത്രന്റെ പിന്തുണയുണ്ടെന്ന് ബി ജെ പി അവകാശപ്പെടുന്നു. മറ്റ് രണ്ട് സ്വതന്ത്രര്‍ നിലവില്‍ കോണ്‍ഗ്രസിനൊപ്പമാണ്.

കോണ്‍ഗ്രസിന്റെ “കാണാതായ” രണ്ട് അംഗങ്ങളുടെ കാര്യം സംശയാസ്പദമാണ്. ഇവര്‍ ബി ജെ പിക്ക് വോട്ട് ചെയ്താലും ബാക്കി ജെ ഡി എസ്, കോണ്‍ഗ്രസ് എം എല്‍ എമാര്‍ സുരക്ഷിതരായ പശ്ചാത്തലത്തില്‍ ബി ജെ പി സര്‍ക്കാര്‍ വീഴും. ഈ രണ്ട് എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ഭൂരിപക്ഷം 113ന് പകരം 111 ആകും. കോണ്‍ഗ്രസ്, ജെ ഡി എസ് അംഗങ്ങളെ പരമാവധി സഭയിലെത്തിക്കാതിരിക്കാനാകും ബി ജെ പി ശ്രമിക്കുക.

സഭയില്‍ വിശ്വാസം തെളിയിച്ചാല്‍ അംഗങ്ങള്‍ സ്പീക്കറെ തിരഞ്ഞെടുക്കും. മറിച്ചാണെങ്കില്‍ കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും. തുടര്‍ന്ന് കുമാരസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡില്‍ കഴിഞ്ഞവര്‍ഷം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് അന്നത്തെ ഹൈക്കോടതി ജസ്റ്റിസ് കെ എം ജോസഫ് റദ്ദാക്കിയിരുന്നു. അന്ന് കോണ്‍ഗ്രസിനായിരുന്നു ഉത്തരാഖണ്ഡ് ഭരണം.

Latest