മാനവരാശിയുടെ ഗെയിഡ് ലൈന്‍

Posted on: May 19, 2018 6:04 am | Last updated: May 19, 2018 at 8:27 pm

ലോകത്ത് ഏറ്റവും കൂടുതല്‍ പഠനവും പാരായണവും നടക്കുന്നത് ഖുര്‍ആനാണെന്നാണ് എന്‍സൈക്ലോ പീഡിയ ബ്രിട്ടാനിക്ക വിലയിരുത്തുന്നത്. വിശുദ്ധ ഖുര്‍ആനോളം ഗവേഷണം നടക്കുന്നതോ വായിക്കപ്പെടുന്നതോ ആയ മറ്റൊരു ഗ്രന്ഥവുമില്ലെന്ന് ചുരുക്കം.

എന്തുകൊണ്ടാണ് ഖുര്‍ആനിന് ഇത്രയേറെ പഠിതാക്കളും പാരായണക്കാരും ഉണ്ടായത്? അത് അല്ലാഹുവിന്റെ വചന സമാഹാരമായതു കൊണ്ട്. മാനവരാശിയുടെ ഗെയിഡ് ലൈന്‍ ആയതുകൊണ്ട്. മനുഷ്യരചനകള്‍ക്ക് പരിമിതമായ ഗുണഭോക്താക്കളേ ഉണ്ടാവുകയുള്ളൂ.

ഖുര്‍ആന്‍ എന്ന ശബ്ദത്തിന് ‘വായിക്കപ്പെടുന്നത്’ എന്നാണര്‍ഥം. അവിരാമമായി തുടര്‍ന്നുവരുന്ന കാലതലങ്ങളില്‍ വായിക്കപ്പെടുന്ന സാര്‍വകാലികത്വമുള്‍ക്കൊള്ളുന്നത് എന്നാണ് വിവക്ഷ. സത്യാസത്യവിവേചകം എന്ന ആശയമുള്ള ഫുര്‍ഖാന്‍ എന്നും ഖുര്‍ആന്‍ വിളിക്കപ്പെടാറുണ്ട്.
എക്കാലത്തും ഏറ്റവും നന്നായി വായിച്ചു പഠിക്കേണ്ടതും പാരായണം ചെയ്ത് പുണ്യം നേടേണ്ടതുമാണ് ഖുര്‍ആന്‍. മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ കേവല നിയമസംഹിതയോ സങ്കീര്‍ത്തനങ്ങളോ സുവിശേഷ വര്‍ത്തമാനങ്ങളോ മാത്രമല്ല ഖുര്‍ആന്‍. അതിലെ ഓരോ പദവും വാക്യങ്ങളും അന്ത്യനാള്‍ വരെയുള്ള കോടാനുകോടി സത്യവിശ്വാസികളാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരങ്ങളില്‍ കൊത്തിവെച്ച് സ്വജീവിതം അതനുസരിച്ച് വാര്‍ക്കപ്പെടുകയും ചെയ്യേണ്ടതിനാലായിരിക്കാം അന്തിമ ദൈവികവേദം ഖുര്‍ആന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
അവധാനപൂര്‍വം ഖുര്‍ആന്‍ വായിക്കാന്‍ സന്നദ്ധരായവര്‍ക്ക് ഖുര്‍ആന്‍ എറ്റവും മികച്ച സാഹിത്യ രചനയായും കവിതപോലെ സുന്ദരവും ആലോചനാമൃതവുമായി ആസ്വദിക്കാവുന്ന ആയത്തുകളും സൂറത്തുകളും ധാരാളമുണ്ട് ഖുര്‍ആനില്‍. അതിന്റെ പദങ്ങള്‍ക്ക് മാരണത്തിന്റെ വശീകരണവും കവിതയുടെ ഒഴുക്കും ഉള്ളതായി ശത്രുകള്‍ക്ക് പോലും അനുഭവപ്പെട്ടിരുന്നുവെന്ന് ചരിത്രം. സംഗീതം ആഗ്രഹിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ സംഗീതമാണെന്ന തിരുവചനം അതിന്റെ ആകര്‍ഷണീയതയും മാസ്മരികതയും താളാത്മകതയുമാണ് വ്യക്തമാക്കുന്നത്. നല്ല ശബ്ദസൗന്ദര്യമുള്ള ഒരാള്‍ നിയമാനുസൃതം ഖുര്‍ആനോതിയാല്‍ ഏത് സംഗീത ചക്രവര്‍ത്തിയും അടിയറവ് പറയേണ്ടിവരും. കവിതാസ്വാദകരെ പ്രത്യേകം പരിഗണിച്ചാകാം ചില അധ്യായങ്ങള്‍ ആ ശൈലിയില്‍ അവതരിച്ചത്. 77-ാം അധ്യായമായ ‘വല്‍ മുര്‍സലാത്തി’യിലും 55-ാം അധ്യായമായ ‘അര്‍റഹ്മാനിലും’ ചില സൂക്തങ്ങള്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നത് സംഗീതത്തിന്റെ ഈരടികളുടെ ആവര്‍ത്തന വാക്യങ്ങളുടെ സ്ഥാനത്താകാം. അവസാന അക്ഷരങ്ങളൊപ്പിച്ചും പദങ്ങളുടെയും വാക്യങ്ങളുടെയും എണ്ണവും വര്‍ണവും സമീകരിച്ചുമുള്ള സൂക്തസംവിധാനം അക്ഷരാര്‍ഥത്തില്‍ സംഗീതാത്മകം തന്നെയാണ്.

കേള്‍ക്കുക! കേള്‍ക്കുക! കേട്ടുകൊണ്ടേയിരിക്കുക! എന്നിങ്ങനെയുള്ള പരസ്യങ്ങള്‍ നിരന്തരം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വര്‍ത്തമാന യുഗത്തില്‍ ഖുര്‍ആനിക വായനക്കും പഠനത്തിനും മനനത്തിനും അങ്ങേയറ്റം സ്ഥാനമുണ്ട്. താളവും ഈണവും ശൈലിയും ആസ്വാദനവും വായനയും കേള്‍വിയുമെല്ലാംവഴിവിട്ടു സഞ്ചരിക്കുന്ന കാലത്ത് വിശേഷിച്ചും. പാശ്ചാത്യ പൗരസ്ത്യ ഭേദമന്യെ സര്‍വ സംഗീതപ്രേമികളും ഖുര്‍ആനിക സംഗീതം ആസ്വദിക്കുന്ന രംഗം സ്വപ്‌നസങ്കല്‍പ്പമല്ല. യാഥാര്‍ഥ്യം മാത്രമാകും. അത് പുലരുമ്പോള്‍ ഖുര്‍ആന്‍ സംഗീതമാണെന്ന തിരുവചനപ്പൊരുള്‍ ലേകത്തിന് ശരിക്കും ബോധ്യപ്പെടും.

വഴിവിട്ട വാട്ട്‌സാപ്പ്, ഫേസ്ബുക്ക് വായനകള്‍ക്ക് പകരം ഖുര്‍ആന്‍ വായിക്കാന്‍ ന്യൂജനറേഷന്‍ രംഗത്ത് വരട്ടെ. എത്ര മനോഹരമാണാ വായന- മധുരതരമായ വായന. ദാര്‍ശനികവും ധാര്‍മികവുമായ വായന! തിരുനബി(സ): ‘മധുരമനോഹരമാണ് ഖുര്‍ആനോതുന്ന വിശ്വാസിയുടെ ഉദാഹരണം നല്ല സുഗന്ധവും രുചിയുമുണ്ടാകും’ (ബുഖാരി 6-235)