ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഗാസ കൂട്ടക്കൊല: അന്താരാഷ്ട്ര അന്വേഷണത്തിന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണ

ജനനം മുതല്‍ മരണം വരെ വിഷം നിറഞ്ഞ ഒരു തെരുവില്‍ ഫലസ്തീനികളെ കൂട്ടിലടച്ചിരിക്കുകയാണ് ഇസ്‌റാഈലെന്ന് അല്‍റഅദ് അല്‍ഹുസൈന്‍
Posted on: May 19, 2018 6:01 am | Last updated: May 18, 2018 at 9:37 pm
നെതന്യാഹു, സൈദ് റഅദ് അല്‍ഹുസൈന്‍

യു എന്‍: ഗാസയില്‍ നിരപരാധികളായ 62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നതിനെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര അന്വേഷണത്തിന് ഐക്യരാഷ്ട്ര സഭയുടെ പിന്തുണ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി സൈദ് അല്‍ റഅദ് അല്‍ഹുസൈനാണ് അന്വേഷണത്തെ പിന്താങ്ങി രംഗത്തെത്തിയത്. യു എന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഒരു പ്രത്യേക യോഗം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വെച്ച് അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് അറിയുന്നത്. ജനീവ കണ്‍വന്‍ഷന്റെ പരസ്യമായ ലംഘനമാണ് അധികാരവും സൈനിക ശക്തിയും ഉപയോഗിച്ച് ഇസ്‌റാഈല്‍ സൈന്യം ഫലസ്തീനികള്‍ക്ക് മേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്‌റാഈല്‍ ഘട്ടംഘട്ടമായി ഫലസ്തീനികളെ അവരുടെ മനുഷ്യാവകാശങ്ങളില്‍ നിന്ന് ദൂരത്താക്കുകയാണ്. ജനനം മുതല്‍ മരണം വരെ വിഷംനിറഞ്ഞ ഒരു തെരുവില്‍ ഫലസ്തീനികളെ കൂട്ടിലടച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ആഴ്ച നടന്ന ഭീകരപ്രവൃത്തികളുടെ പേരില്‍ കുറ്റാരോപിതരായ ആരും സുരക്ഷിതരായിരിക്കുമെന്ന് കരുതേണ്ടതില്ല. അധിനിവേഷവും സംഘര്‍ഷവും അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

62 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു. എന്നാല്‍ കല്ലേറില്‍ ഒരു ഇസ്‌റാഈല്‍ സൈനികന് പരുക്കേറ്റതൊഴികെ മറുഭാഗത്ത് ഒന്നും സംഭവിച്ചിട്ടില്ല. കൊല്ലപ്പെട്ട ഫലസ്തീനികളില്‍ ഭൂരിഭാഗവും നിരായുധരായിരുന്നു. ഇവരില്‍ പലരുടെയും മരണ കാരണമായത് പിറകില്‍ നിന്നേറ്റ വെടിയുണ്ടകളായിരുന്നു. എന്നാല്‍ എല്ലാ ഇസ്‌റാഈലുകാരും ഫലസ്തീനികള്‍ക്കേറ്റ നാശനഷ്ടങ്ങളെ വളരെ ലഘൂകരിച്ചാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെല്‍അവീവില്‍ നിന്ന് അമേരിക്കയുടെ എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനോടനുബന്ധിച്ച് നടന്ന പ്രക്ഷോഭപരിപാടികള്‍ക്കിടെയായിരുന്നു ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരനായാട്ട്.