Connect with us

Gulf

രുചി സാമ്രാജ്യമൊരുക്കി അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്; ഭാഗ്യശാലിക്ക് ലോകകപ്പ് ഫൈനല്‍ കാണാം

Published

|

Last Updated

ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്

ദുബൈ: സഞ്ചാരികള്‍ക്കും കുടുംബസമേതം യുഎഇയില്‍ താമസിക്കുന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ട ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് റമസാനില്‍ പുതുമോടിയില്‍. ശാന്തമായ ഖാലിദ് ലഗൂണിലെ കാഴ്ചകള്‍, ബോട്ടിങ്, കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്ക്, മനോഹരമായ നടപ്പാത, പൂന്തോട്ടം എന്നിവക്ക് പുറമെ നിരവധി വിഭവങ്ങള്‍ ഇവിടെ ഒരുമിച്ചൊരുക്കിയിരിക്കുന്നു. വേറിട്ട രുചികളൊരുങ്ങുന്ന റെസ്റ്ററന്റുകളും ജലധാരയും ആഴ്ചയവസാനങ്ങളില്‍ പ്രത്യേക വിനോദ പരിപാടികളും കൂടിയാവുമ്പോള്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട് പ്രവാസത്തിന്റെ വൈകുന്നേരങ്ങളെ എക്കാലത്തേക്കുമുള്ള ഓര്‍മകളാക്കി മാറ്റുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികള്‍ സമ്മേളിക്കുന്ന ഇടമാണ് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന മജാസില്‍ ഇരുപത്തഞ്ചിലേറെ റെസ്റ്റോറന്റുകള്‍ രുചികളൊരുക്കുന്നുണ്ട്. തനതു എമിറാത്തി വിഭവങ്ങള്‍ തൊട്ട് ഇന്ത്യന്‍, ഇറ്റാലിയന്‍, മൊറോക്കന്‍, അമേരിക്കന്‍, ലെബനീസ്, ടര്‍ക്കിഷ് വിഭവങ്ങള്‍ വരെ ഇവിടെ സുലഭമാണ്. ഖാലിദ് ലഗൂണിനോട് ചേര്‍ന്ന്, കുടുബസമേതം കാറ്റും കൊണ്ടിരുന്നു രുചികളറിയാന്‍ പാകത്തിലാണ് ഓരോ റെസ്റ്ററന്റിന്റെയും നിര്‍മാണം.
തലമുറകളായി കൈമാറി വന്ന തനതു ഇമാറാത്തി വിഭവങ്ങളാണ് അല്‍ മജാസ് രുചികളിലെ പ്രധാനി. ചേരുവകളുടെ തനിമയൊട്ടും ചോരാതെ ഈ അനുഭവമൊരുക്കുന്നത് അല്‍ ഫനാര്‍ റെസ്റ്ററന്റാണ്. റകാക്, ചെബാബ് തുടങ്ങിയ പ്രഭാത ഭക്ഷണങ്ങള്‍ തൊട്ട് കോഴിയും ചെമ്മീനും ഇറച്ചിയുമൊക്കെ ചേര്‍ത്തൊരുക്കുന്ന മച്ബൂസ് വരെ ഇവിടെ രുചിച്ചറിയാം. മണ്ണു ചുമരുകളും വിളക്കുകളുമെല്ലാം കൊണ്ട് പഴയ അറബ് തെരുവുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് റെസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. രുചി തേടിയെത്തുന്നവര്‍ക്കു അറുപതുകളിലെ അറബ് ഗ്രാമാന്തരീക്ഷവും അനുഭവിച്ചറിയാം.

രുചിയോടൊപ്പം വായനയുടെ വസന്തം തീര്‍ക്കാന്‍ പുസ്തകങ്ങളൊരുക്കി വെച്ച “അല്‍ റാവി കഫെ”, ശാം പട്ടണങ്ങളുടെ ഗൃഹാതുരത പകര്‍ന്നു ലെബനീസ് രുചിയൊരുക്കുന്ന “സഹ്ര്‍ എല്‍ ലൈമുന്‍” റെസ്റ്ററന്റ്, സ്ട്രീറ്റ് ഫുഡ് മാജിക്കിന് പുതിയ നിറം കൊടുത്ത് മെഡിറ്ററേനിയന്‍ വിഭവങ്ങളൊരുക്കുന്ന “സറൂബ്”, സുഗന്ധവ്യജ്ഞനങ്ങളുടെ മൊറോക്കന്‍ പാരമ്പര്യം തെളിയിച്ച് അന്നാട്ടിലെ രുചികളൊരുക്കുന്ന “എല്‍ മന്‍സ” തുടങ്ങി നിരവധി രുചി ലോകങ്ങള്‍ ചുറ്റിലുമുണ്ട്. നാവിനും മനസ്സിനും പരിചിതമായ എരിവും പുളിയും തന്നെ വേണമെന്നുള്ളവര്‍ക്ക് ഇന്ത്യന്‍ രുചികളൊരുങ്ങുന്ന “ഉഷ്‌ന”യില്‍ അഥിതിയാവാം.

പാശ്ചാത്യ രുചികളോട് പ്രിയമുള്ളവര്‍ക്കു വേണ്ടി നിരവധി വാതിലുകള്‍ തുറന്നിടുണ്ട് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്. ഇറ്റാലിയന്‍ പിസയുടെ വൈവിധ്യമൊരുങ്ങുന്ന “പിസ്സാറോ” ഇതിലെ പ്രധാനിയാണ്. മാര്‍ഗരീറ്റ, നെപ്പോളിറ്റാന, പോളോ പികാന്റെ എന്ന് തുടങ്ങി നാവില്‍ ഇറ്റാലിയന്‍ കപ്പലോടിക്കുന്ന ഒരു കടലാണ് ഇവിടത്തെ മെനു. ഐസ്‌ക്രീമും കോഫിയുമൊരുക്കുന്ന “അമോറിനോ ഗെലാറ്റോ”, ബ്രസീല്‍, കൊളംബിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കാപ്പി രുചിയൊരുക്കുന്ന “എല്ലീസ് കഫെ” തുടങ്ങിയവയുമുണ്ട്.

എല്ലാ ദിവസവും ആഴ്ചാവസാനത്തെ ആഘോഷമൊരുക്കുന്ന “ടി ജി ഐ ഫ്രെയ്ഡേയ്സ്”, കനേഡിയന്‍ വിഭവങ്ങളൊരുക്കുന്ന “ടിം ഹോര്‍ട്ടന്‍സ്”, അന്‍പതിലധികം ഡോണറ്റുകളുടെയും സാന്‍ഡ്‌വിചിന്റെയും വൈവിധ്യമൊരുക്കുന്ന “ഡങ്കിന്‍ ഡോനട്‌സ്”, “കോള്‍ഡ് സ്റ്റോണ്‍” തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളും അല്‍ മജാസിന്റെ കരയില്‍ രുചിക്കൂടാരം ഒരുക്കിയിട്ടുണ്ട്.

സിനിമകളിലൂടെയും ലോക പ്രശസ്ത രചനകളിലൂടെയും സുപരിചിതമായ ടര്‍ക്കിഷ് രുചികളും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇസ്താംബുള്‍ വിഭവങ്ങള്‍ പുതുമകള്‍ ചേര്‍ത്ത് ഒരുക്കുന്ന “എമിര്‍ഗന്‍ സുട്ടിസും”, ഐസ്‌ക്രീം കോണിനെ നൃത്തം ചെയ്യിപ്പിക്കുന്ന “മറസ് ടര്‍ക്ക”യുമെല്ലാം തുര്‍ക്കി രുചി അനുഭവങ്ങളെ സമ്പൂര്‍ണ്ണമാക്കുന്നു.

റമസാനില്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടില്‍ രുചി അന്വേഷിച്ചെത്തുന്നവര്‍ക്ക് ഭാഗ്യം പരീക്ഷിക്കാനുള്ള അവസരവുമുണ്ട്. മജാസിലെ ഏതെങ്കിലും റെസ്റ്റോന്റുകളില്‍ ഇരുന്നൂറു ദിര്‍ഹമോ അതിലേറെയോ ചിലവഴിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവര്‍ക്കു റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ ഫൈനല്‍ കാണാം. വിമാന ടിക്കറ്റും താമസവുമടക്കം എല്ലാ ചിലവുകളും ഫ്രീ. ഇതിനു പുറമെ ആഴ്ച തോറുമുള്ള പ്രേത്യേക സമ്മാനങ്ങള്‍ വേറെയുമുണ്ട്.

രുചി കേന്ദ്രങ്ങള്‍ക്ക് പുറമെ കുട്ടികള്‍ക്കായുള്ള മിനി വാട്ടര്‍ തീം പാര്‍ക്ക്, മിനി ഗോള്‍ഫ് കോഴ്‌സ്, പൂന്തോട്ടങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളും അടങ്ങുന്നതാണ് അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്. ഷാര്‍ജ നഗരത്തില്‍ നില കൊള്ളുന്ന ഈ തടാകകരയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ ലോക പ്രശസ്തമാണ്. വാട്ടര്‍ ഫ്രണ്ടിലെക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളില്‍ ടിക്കറ്റുണ്ട്.

---- facebook comment plugin here -----

Latest